പത്തനംതിട്ട: കൊവിഡ് സമ്പര്‍ക്ക രോഗ വ്യാപന സാധ്യത കണക്കിലെടുത്ത് തിരുവല്ല നഗരത്തിലെ വിവിധ ഭാഗങ്ങളില്‍ നിയന്ത്രണം കര്‍ശനമാക്കി. പായിപ്പാട് അതിർത്തിയിലും പെരിങ്ങര പഞ്ചായത്തിലെ ചാത്തങ്കരി ഉള്‍പ്പെടുന്ന പ്രദേശത്തുമാണ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുള്ളത്. പായിപ്പാടുമായി ചേര്‍ന്ന് കിടക്കുന്ന നഗരസഭയുടെ അഞ്ചാം വാര്‍ഡിൽ ഉൾപ്പെടുന്ന വട്ടച്ചുവട് ഭാഗം പൂര്‍ണമായും അടച്ചു. തിരുവല്ല-മല്ലപ്പളളി റോഡില്‍ പായിപ്പാട് കഴിഞ്ഞുളള പ്രദേശം വഴി യാത്ര അനുവദിക്കില്ല. ആശുപത്രി ആവശ്യങ്ങള്‍ അനുവദിക്കും. കഴിഞ്ഞ ദിവസം ഇവിടെ പൊലീസ് റൂട്ട് മാര്‍ച്ച് നടത്തിയിരുന്നു.
അഞ്ചാം വാര്‍ഡില്‍ 35 കൊവിഡ് രോഗികളാണ് ഉളളത്. ചങ്ങനാശ്ശേരി ക്ലസ്റ്ററിലെ മത്സ്യ വ്യാപാരികളില്‍ നിന്നാണ് ഇവിടെ രോഗം പടര്‍ന്നത്. പെരിങ്ങര പഞ്ചായത്തിലെ 9, 13, 14, 15 വാര്‍ഡുകള്‍ പുതുതായി കണ്ടെയന്‍മെന്‍റ് സോണുകളാക്കി. ക്ഷീര സംഘത്തിലെ രണ്ട് ജീവനക്കാര്‍ക്ക് കഴിഞ്ഞ ദിവസം കൊവിഡ് സ്ഥിരീകരിച്ചു. നൂറിലധികം പേരാണ് ഇവരുമായി നേരിട്ടുളള സമ്പര്‍ക്കപ്പട്ടികയില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. അത്യാവശ്യ സാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ പകല്‍ 10 മുതല്‍ രണ്ട് വരെ പ്രവര്‍ത്തിപ്പിക്കാന്‍ അനുമതി നല്‍കും. ചെറിയ വഴികള്‍ അടച്ചിടും. ഓഗസ്റ്റ് 10 വരെയാണ് നിയന്ത്രണം.