പത്തനംതിട്ട: സാമ്പത്തിക ക്രമക്കേടുകളെ തുടര്‍ന്ന് പത്തനംതിട്ട മൈലപ്ര സര്‍വീസ് സഹകരണ ബാങ്ക് സെക്രട്ടറി ജോഷ്വ മാത്യുവിനെ സസ്പെന്‍ഡ് ചെയ്‌തു. സഹകരണ വകുപ്പ് നടത്തിയ അന്വേഷണത്തിലാണ് നടപടി. ബാങ്കിന്‍റെ അനുബന്ധ സ്ഥാപനമായ ഗോതമ്പ് സംസ്‌കരണ ഫാക്‌ടറിയിലേക്ക് ഗോതമ്പ് വാങ്ങിയ വകയില്‍ 3.94 കോടി രൂപയുടെ ക്രമക്കേട് അന്വേഷണത്തില്‍ കണ്ടെത്തി.
സംഭവത്തില്‍ സഹകരണ സംഘം കോന്നി അസി. രജിസ്ട്രാറുടെ പരാതിയില്‍ സെക്രട്ടറിക്കെതിരേ പൊലീസ് വഞ്ചനാക്കുറ്റം ചുമത്തി കേസ് രജിസ്റ്റര്‍ ചെയ്‌തു. എന്നാൽ, സെക്രട്ടറി ജോഷ്വ മാത്യുവിനെ അറസ്റ്റ് ചെയ്യുന്നത് ഹൈക്കോടതി മൂന്നാഴ്‌ചത്തേക്ക് തടഞ്ഞു. ഏപ്രില്‍ 30ന് സര്‍വീസില്‍ നിന്ന് വിരമിക്കാനിരിക്കേയാണ് സെക്രട്ടറിയെ സസ്‌പെന്‍ഡ് ചെയ്‌തത്.
ക്രമക്കേടിനെക്കുറിച്ചുളള അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറും. ഇതുസംബന്ധിച്ചുളള ശിപാര്‍ശ ജില്ലാ പൊലീസ് മേധാവി ആഭ്യന്തര വകുപ്പിന് നല്‍കും. സഹകരണ വകുപ്പിന്‍റെ പരാതി പ്രകാരം പൊലീസ് കേസെടുക്കുമെന്നും അറസ്റ്റുണ്ടാകുമെന്നും മനസിലാക്കിയ ജോഷ്വ ആന്‍ജിയോപ്ലാസ്റ്റി ചെയ്യണമെന്ന് പറഞ്ഞ് പരുമലയിലെ ആശുപത്രിയില്‍ അഡ്‌മിറ്റായി. തുടർന്നാണ് ജോഷ്വ ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യഹര്‍ജി നല്‍കിയത്. മൂന്നാഴ്‌ചയ്‌ക്കു ശേഷം മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കും.
തട്ടിപ്പില്‍ മറ്റ് ജീവനക്കാര്‍ക്കും ഭരണ സമിതിയിലുള്ളവർക്കും പങ്കുള്ളതായി കണ്ടെത്തിയിട്ടുണ്ട് അന്വേഷണം പുരോഗമിക്കുകയാണ്