പത്തനംതിട്ട : ആലപ്പുഴ പത്തനംതിട്ട ജില്ലകളിലെ വിവിധ പൊലീസ് സ്‌റ്റേഷനുകളില്‍ രജിസ്‌റ്റര്‍ ചെയ്‌ത കവര്‍ച്ച, ദേഹോപദ്രവ കേസുകളിലെ പ്രതിയും സ്ഥിരം കുറ്റവാളിയുമായ യുവാവ് പൊലീസ് പിടിയില്‍. ആലപ്പുഴ രാമങ്കരി മുട്ടാര്‍ മിത്രമഠം കോളനിയില്‍ ലതിന്‍ ബാബു (33) ആണ് അറസ്‌റ്റിലായത്. ജില്ല പൊലീസ് മേധാവി ആര്‍.നിശാന്തിനിയുടെ നിര്‍ദേശാനുസരണം രൂപീകരിച്ച പത്തനംതിട്ട ഡി.വൈ.എസ്.പി കെ.സജീവിന്‍റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘമാണ് ഇയാളെ അറസ്‌റ്റ് ചെയ്‌തത്
തിരുവല്ല കുറ്റൂര്‍ ചിറ്റിലപ്പടി എന്ന സ്ഥലത്ത് വാടയ്ക്ക് താമസിക്കുന്ന വീട്ടില്‍ നിന്ന് പ്രതിയെ സാഹസികമായി പിടികൂടുകയായിരുന്നു. മോഷ്‌ടിച്ചെടുക്കുന്ന സൈക്കിളിലും സ്‌കൂട്ടറിലുമായി കറങ്ങി നടന്ന് സ്ത്രീകളെ നിരീക്ഷിച്ച് തക്കം പാര്‍ത്തിരുന്ന് മാല പറിക്കുകയാണ് രീതി. മോഷണ മുതലുകള്‍ ഭാര്യയെക്കൊണ്ട് ജ്വല്ലറികളിലും സ്വര്‍ണ പണമിടപാട് സ്ഥാപനങ്ങളിലും വില്‍ക്കുകയുമാണ് ചെയ്യുന്നത്.
തിരുവല്ല, പുളിക്കീഴ്, കൂടാതെ ആലപ്പുഴ ജില്ലയിലെ ചെങ്ങന്നൂര്‍, രാമങ്കരി എന്നീ പൊലീസ് സ്‌റ്റേഷനുകളില്‍ സ്ത്രീകളുടെ മാല പൊട്ടിച്ചെടുത്തതിന് എഴോളം കേസുകളും, ഇരുചക്രവാഹനം മോഷ്‌ടിച്ചതിന് തിരുവല്ല പൊലീസ് സ്‌റ്റേഷനില്‍ ഒരു കേസും ഇയാള്‍ക്കെതിരെയുണ്ട്. പ്രത്യേക അന്വേഷണസംഘം മൂന്നുമാസമായി സൈക്കിളില്‍ പണിക്കു പോകുന്നവരെയും ഇതരസംസ്ഥാന തൊഴിലാളികളെയും വിവിധ സ്ഥലങ്ങളില്‍നിന്നും എത്തി ഇവിടെ വാടകയ്ക്ക് താമസിക്കുന്നവരെയും നിരീക്ഷിച്ചുവരികയായിരുന്നു.
കൂടാതെ, രണ്ട് ജില്ലകളിലായി അഞ്ഞൂറോളം സിസി ടിവി ദൃശ്യങ്ങളും പരിശോധിച്ചു. വ്യാപകമാക്കിയ അന്വേഷണത്തിലൂടെയും ആസൂത്രിത നീക്കങ്ങളിലൂടെയുമാണ് പൊലീസ് ഇയാളെ വലയിലാക്കിയത്. ആലപ്പുഴ ജില്ലയില്‍ പൊലീസിനെ ആക്രമിച്ച കേസിലും വേറെ ചില ദേഹോപദ്രവ കേസുകളിലും ലതിന്‍ പ്രതിയാണ്. പിടിച്ചുപറി കേസുകളുടെ അന്വേഷണത്തിനായി രൂപീകരിച്ച പത്തനംതിട്ട ഡി.വൈ.എസ്.പി യുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തില്‍ എസ്‌സിപിഒ ജോബിന്‍ ജോണ്‍, സിപിഒ മാരായ ഉമേഷ്, ശ്രീലാല്‍, ഷഫീക്, വിജീഷ്, സുജിത് കുമാര്‍ എന്നിവരാണുള്ളത്.