പത്തനംതിട്ട : റാന്നി കോട്ടാങ്ങലില്‍ സ്‌കൂള്‍ വിദ്യാര്‍ഥികളെ തടഞ്ഞുനിര്‍ത്തി പോപ്പുലർ ഫ്രണ്ട്, എസ്‌ഡിപിഐ പ്രവർത്തകർ 'ഞാൻ ബാബറി' എന്ന ബാഡ്‌ജ് ധരിപ്പിച്ച സംഭവത്തിൽ പൊലീസ് എസ്‌ഡിപിഐ-പോപ്പുലര്‍ ഫ്രണ്ട് സംഘടനകളില്‍ പ്രവര്‍ത്തിക്കുന്ന മൂന്ന് പേർക്കെതിരെ കേസെടുത്തു.
ഒന്നാം പ്രതി ചുങ്കപ്പാറ സ്വദേശി മുനീര്‍ ഇബ്‌നു നസീറും കണ്ടാലറിയാവുന്ന മറ്റ് രണ്ട് പേര്‍ക്കെതിരെയുമാണ് കേസെടുത്തിരിക്കുന്നത്. പ്രതികള്‍ക്കെതിരെ 341, 153 (എ), 34 വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.
മതസ്‌പര്‍ധ വളര്‍ത്താനും സാമുദായിക ലഹള സൃഷ്‌ടിക്കാനും പ്രതികള്‍ നീക്കം നടത്തിയെന്നാണ് എഫ്‌ഐആറില്‍ പറയുന്നത്. കോട്ടാങ്ങല്‍ സെന്‍റ് ജോര്‍ജ് ഹൈസ്‌കൂളിലെ കുട്ടികളെ യൂണിഫോമിലും ഉടുപ്പിലുമായി 'ഐ ആം ബാബറി' എന്ന ബാഡ്‌ജ് ധരിപ്പിച്ചെന്നാണ് പരാതി. ബാഡ്‌ജുമായി കുട്ടികള്‍ സ്‌കൂളില്‍ എത്തിയതറിഞ്ഞ് ഹെഡ്‌മാസ്റ്ററും രക്ഷിതാക്കളും പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു.
സംഭവത്തില്‍ ബിജെപി നേതാവ് പി.കെ കൃഷ്‌ണദാസ് ദേശീയ ബാലാവകാശ സംരക്ഷണ കമ്മിഷന്‍ അധ്യക്ഷന് പരാതി നല്‍കിയിരുന്നു. നിര്‍ബന്ധിച്ചും ഭീഷണിപ്പെടുത്തിയും കുട്ടികളെ ബാഡ്‌ജ് ധരിപ്പിച്ചത് പോപ്പുലര്‍ ഫ്രണ്ടിന്‍റെ രഹസ്യ അജണ്ടയുടെ ഭാഗമാണെന്നും കൃഷ്‌ണദാസ് പറഞ്ഞു.
Read More: വിദ്യാർഥികളെ തടഞ്ഞു നിർത്തി ബാഡ്‌ജ് ധരിപ്പിച്ചു; എസ്‌ഡിപിഐക്കെതിരെ പ്രതിഷേധം
ബാബറി മസ്‌ജിദ് തകര്‍ത്തതിന്‍റെ ഓര്‍മ ദിനത്തില്‍ കാമ്പസുകൾ കേന്ദ്രീകരിച്ച് നടത്തിയ ബാഡ്‌ജ് വിതരണത്തെ തെറ്റായ രീതിയില്‍ പ്രചരിപ്പിക്കാന്‍ ശ്രമിക്കുകയാണെന്നും ഒരാളെയും നിര്‍ബന്ധിച്ച് ബാഡ്‌ജ് ധരിപ്പിച്ചിട്ടില്ലായെന്നുമായിരുന്നു സംഭവത്തെക്കുറിച്ചുള്ള കാമ്പസ് ഫ്രണ്ട് വിശദീകരണം.