പത്തനംതിട്ട : തിരുവല്ലയില്‍ പാര്‍ട്ടി പ്രവര്‍ത്തകയെ പീഡിപ്പിച്ച് നഗ്നചിത്രം പകര്‍ത്തി ഭീഷണിപ്പെടുത്തിയെന്ന പരാതിയില്‍ സി.പി.എം, ഡി.വൈ.എഫ്.ഐ നേതാക്കള്‍ക്കെതിരെ പൊലീസ് കേസെടുത്തു. സി.പി.എം തിരുവല്ല കോട്ടാലി ബ്രാഞ്ച് സെക്രട്ടറി സി.സി സജിമോന്‍, ഡി.വൈ.എഫ്.ഐ പ്രാദേശിക നേതാവ് നാസര്‍ എന്നിവർക്കെതിരെയാണ് കേസെടുത്തത്. നഗ്നചിത്രം പ്രചരിപ്പിച്ചതിന് മറ്റു പത്ത് പേര്‍ക്കെതിരേയും കേസെടുത്തിട്ടുണ്ട്.
സി.പി.എം മുന്‍ വനിത നേതാവിന്‍റെ പരാതിയിലാണ് കേസ്. ഈ വര്‍ഷം മെയ് മാസത്തിലാണ് പരാതിക്ക് അടിസ്ഥാനമായ സംഭവമുണ്ടായത്. സി.പി.എം പ്രവര്‍ത്തകയായിരുന്ന വീട്ടമ്മയാണ് നേതാക്കളുടെ ആക്രമണത്തിനിരയായത്. കാറില്‍ കയറ്റിയ ശേഷം മയക്കുമരുന്ന് കലര്‍ത്തിയ പാനീയം നല്‍കി ലൈംഗികമായി ഉപദ്രവിച്ച് ചിത്രങ്ങള്‍ പകര്‍ത്തിയെന്നാണ് പരാതി.
സോഷ്യല്‍ മീഡിയയില്‍ അടക്കം ചിത്രങ്ങള്‍ പ്രചരിപ്പിച്ചു. സംഭവത്തിന് പിന്നാലെ ഇവരോട് പ്രതികള്‍ രണ്ടുലക്ഷം ആവശ്യപ്പെട്ട് നിരന്തരം ബന്ധപ്പെട്ടു. തുടര്‍ന്നാണ് വീട്ടമ്മ പരാതി നല്‍കിയത്. പീഡനം, നഗ്നദൃശ്യം പകര്‍ത്തി ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെടല്‍ എന്നീ വകുപ്പുകളാണ് സജിക്കും, നാസറിനുമെതിരെ ചുമത്തിയിരിക്കുന്നത്.
അതേസമയം സി.പി.എം നേതാക്കള്‍ക്കെതിരേ തുടക്കത്തില്‍ കേസെടുക്കാന്‍ പൊലിസ് തയാറായില്ലെന്നും പരാതിയുണ്ട്. പത്തനംതിട്ട എസ്.പിക്ക് നല്‍കിയ പരാതി തിരുവല്ല ഡിവൈ.എസ്.പിക്ക് കൈമാറിയ ശേഷമാണ് നടപടിയുണ്ടായത്.
സജിമോന്‍ നേരത്തയും പീഡനക്കേസിലെ പ്രതിയാണ്. വിവാഹിതയായ യുവതിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ ഡി.എന്‍.എ പരിശോധനയില്‍ ആള്‍മാറാട്ടത്തിന് ഇയാള്‍ ശ്രമിച്ചിരുന്നു. തിരുവല്ല ടൗണ്‍ നോര്‍ത്ത് ലോക്കല്‍ സെക്രട്ടറിയായിരുന്ന സജിമോനെ ഈ സംഭവത്തില്‍ പാര്‍ട്ടി തരംതാഴ്ത്തിയിരുന്നു.