പത്തനംതിട്ട: അധികൃതരുടെ അനാസ്ഥ മൂലം ലക്ഷങ്ങൾ വിലമതിക്കുന്ന കാർഷിക യന്ത്രങ്ങൾ തുരുമ്പെടുത്ത് നശിക്കുന്നു. കൃഷി വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന കാവുംഭാഗം അഗ്രോ ഇന്‍റസ്‌ട്രീസ് വളപ്പിലാണ് ലക്ഷക്കണക്കിന് രൂപ വിലമതിക്കുന്ന ഏഴ് കൊയ്ത്ത് യന്ത്രങ്ങളും ആറ് ട്രാക്‌ടറുകളും തുരുമ്പെടുത്ത് നശിക്കുന്നത്. പത്തനംതിട്ട ജില്ലയിലെ പ്രധാന നെല്ലറയായ അപ്പർ കുട്ടനാടൻ മേഖലയിലെ കാർഷിക ആവശ്യങ്ങൾക്കായി കൃഷി വകുപ്പ് വർഷങ്ങൾക്ക് മുന്‍പ് വാങ്ങിയ യന്ത്രങ്ങളാണിവ.
എന്നാൽ അറ്റകുറ്റപ്പണികള്‍ നടത്താത്തതിനാല്‍ യന്ത്രങ്ങൾ പലതും പാടശേഖരങ്ങളിൽ വെച്ച് പണിമുടക്കുന്നത് പതിവായതോടെ കർഷകർ യന്ത്രങ്ങൾ കൊണ്ട് പോകാതെയായി. ഇതോടെ അധികൃതരും യന്ത്രങ്ങളെ കയ്യൊഴിഞ്ഞു. അറ്റകുറ്റപ്പണി ചെയ്യാത്തത് മൂലം യന്ത്രങ്ങൾ ഉപയോഗ ശൂന്യമായതോടെ വൻതുക വാടക നൽകി സ്വകാര്യ കൊയ്ത്ത് യന്ത്രങ്ങളെയും ട്രാക്‌ടറുകളെയും ആശ്രയിക്കേണ്ട ഗതികേടിലാണ് കര്‍ഷകര്‍.