പത്തനംതിട്ട: ഭരണഘടന വിരുദ്ധ പ്രസംഗം നടത്തിയ മുൻ മന്ത്രി സജി ചെറിയാൻ എംഎൽഎയ്‌ക്കെതിരെ രജിസ്റ്റർ ചെയ്‌ത എഫ്ഐആറിൽ കലാപ ആഹ്വാനത്തിന് പ്രേരിപ്പിച്ചെന്ന വകുപ്പ് കൂടി ചേര്‍ക്കാന്‍ അപേക്ഷ നല്‍കുമെന്ന് അഭിഭാഷകനായ ബൈജു നോയല്‍. സജി ചെറിയാന്‍റെ വിവാദ പ്രസംഗത്തിനെതിരെ നടപടി ആവശ്യപ്പെട്ട് ഫയല്‍ ചെയ്‌ത കേസിന്‍റെ ഭാഗമായി വെള്ളിയാഴ്‌ച രാവിലെ തിരുവല്ല കോടതിയില്‍ ഹാജരായ ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ബൈജു നോയലിന്‍റെ പരാതിയിലാണ് സജി ചെറിയാനെതിരെ കേസെടുക്കാന്‍ തിരുവല്ല ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി പൊലീസിന് നിര്‍ദേശം നല്‍കിയത്.
കോടതി ഉത്തരവിന് പിന്നാലെ സജി ചെറിയാന്‍ മന്ത്രിസ്ഥാനം രാജി വച്ചിരുന്നു. മല്ലപ്പള്ളിയില്‍ മന്ത്രി പ്രസംഗിച്ച വേദിയില്‍ അതിന് മുന്‍പ് പ്രസംഗിച്ച റാന്നി എംഎല്‍എ പ്രമോദ് നാരായണന്‍റെ പ്രസംഗം കൂടി പൊലീസ് പരിശോധിക്കണമെന്നും ബൈജു നോയൽ ആവശ്യപ്പെട്ടു. പ്രമോദ് നാരായണന്‍റെ പ്രസംഗം പരാമര്‍ശിച്ച കൂട്ടത്തിലാണ് മന്ത്രി ഭരണഘടനയെ അവഹേളിച്ച് സംസാരിച്ചത്.
ഭരണഘടനയെ അധിക്ഷേപിച്ച് പ്രസംഗിച്ചു എന്ന പരാതി പരിഗണിച്ചപ്പോഴാണ് പരാതിയില്‍ പൊലീസ് എഫ്‌ഐആര്‍ ഫയല്‍ ചെയ്‌തുവെന്ന വിവരം പരാതിക്കാരനായ അഭിഭാഷകനെ ഇന്ന് കോടതി ഔദ്യോഗികമായി അറിയിച്ചത്. ഇതിന് പിന്നാലെയാണ് കലാപാഹ്വാനത്തിന് ശ്രമിച്ചു എന്ന വകുപ്പ് കൂടി എഫ്ഐആറില്‍ ഉള്‍പ്പെടുത്തണമെന്ന ആവശ്യം കോടതിയില്‍ ഉന്നയിക്കുമെന്ന് ബൈജു റോയല്‍ പറഞ്ഞത്.
പ്രമോദ് നാരായണൻ എംഎൽഎയുടെ പേര് സജി ചെറിയാന്‍ പ്രസംഗത്തില്‍ പറഞ്ഞതിനാല്‍ അദ്ദേഹവും ഇത്തരത്തില്‍ സംസാരിച്ചിട്ടുണ്ടോ എന്ന് പൊലീസ് പരിശോധിക്കണമെന്നും പരാതിക്കാരന്‍ ആവശ്യപ്പെട്ടു. ഇക്കാര്യം പൊലീസിനോട് ആവശ്യപ്പെടുമെന്നും പരാതിക്കാരന്‍ പറഞ്ഞു.