പത്തനംതിട്ട : അടൂർ പഴകുളം റംല ബീവി കൊലക്കേസില്‍ പ്രതി പത്തനംതിട്ട കുമ്പഴ കുലശേഖരപേട്ട മൗതണ്ണന്‍ പുരയിടത്തില്‍ മുഹമ്മദ് ഷിഹാബിനെ കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചു. ഷിഹാബ് റംല ബീവിയെ കൊലപ്പെടുത്തി സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്ന കേസിലാണ് അഡീഷണല്‍ സെഷന്‍സ് കോടതി - നാലിലെ ജഡ്‌ജി പി.പി. പൂജ പ്രതിയെ ശിക്ഷിച്ചത്. ദൃക്‌സാക്ഷികള്‍ ഇല്ലാത്ത കേസില്‍ സാഹചര്യത്തെളിവുകളും ശാസ്ത്രീയ തെളിവുകളും അടിസ്ഥാനമാക്കിയാണ് വിധി.
ഐപിസി 302 പ്രകാരം ജീവപര്യന്തം തടവിന് പുറമെ 25,000 രൂപ പിഴ അടയ്ക്കണം. സെക്ഷന്‍ 397, 454 എന്നിവ പ്രകാരം ഏഴുവര്‍ഷം വീതം തടവും 10,000 രൂപ പിഴയും വിധിച്ചിട്ടുണ്ട്. തടവുശിക്ഷ ഒന്നിച്ച് അനുഭവിച്ചാല്‍ മതിയാകും.
9 വർഷത്തിന് ശേഷം വിധി : 2013 മാര്‍ച്ച് 11ന് രാവിലെ 11നാണ് കേസിനാസ്‌പദമായ സംഭവം. പ്രതി മുഹമ്മദ് ഷിഹാബും അടൂർ പഴകുളം പടിഞ്ഞാറ് യൂനുസ് മന്‍സിലില്‍ യൂസഫും ഭാര്യ റംല ബീവിയും മുന്‍പരിചയക്കാരാണ്. ഈ പരിചയത്തിൽ പ്രതി വീട്ടിലെത്തി റംല ബീവിയോട് സ്വര്‍ണാഭരണങ്ങള്‍ ആവശ്യപ്പെട്ടു. കൊടുക്കാന്‍ വിസമ്മതിച്ചപ്പോള്‍ കഴുത്ത് മുറിച്ച് കൊലപ്പെടുത്തിയെന്നാണ് പ്രോസിക്യൂഷന്‍ കേസ്.
കവര്‍ന്നെടുത്ത ആഭരണങ്ങള്‍ അന്ന് ഉച്ചയ്ക്ക് ഒരു മണിയോടെ കുമ്പഴയിലുള്ള കൊശമറ്റം ഫിനാന്‍സ്, പണിക്കന്‍റയ്യത്ത് ഫിനാന്‍സ് എന്നിവിടങ്ങളില്‍ പണയംവച്ചു. ബാക്കി വന്ന ആഭരണങ്ങള്‍ സ്വന്തം പെട്ടിവണ്ടിയില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു.
അടൂര്‍ പൊലീസ് ഇന്‍സ്‌പെക്‌ടര്‍ ആയിരുന്ന ടി. മനോജാണ് കേസ് അന്വേഷിച്ചത്. പണയം വച്ചതും പെട്ടി ഓട്ടോയില്‍ സൂക്ഷിച്ചിരുന്നതുമായ സ്വര്‍ണാഭരണങ്ങളും ഭാര്യ വീട്ടില്‍ ഒളിപ്പിച്ചിരുന്ന കൊല നടത്താനുപയോഗിച്ച ആയുധവും പൊലീസ് കണ്ടെത്തി. റംല ബീവിയുടെ എ ഗ്രൂപ്പില്‍പ്പെട്ട രക്തക്കറ പ്രതിയുടെ വസ്ത്രത്തില്‍ നിന്ന് കണ്ടെത്തി.
ഐഡിയ മൊബൈല്‍ ഫോണ്‍ കമ്പനിയിൽ നിന്ന് പ്രതിയുടെ സഞ്ചാരപഥവും വിശദമായി കിട്ടിയിരുന്നു. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷല്‍ പ്രോസിക്യൂട്ടര്‍ എസ്. അജിത് പ്രഭാവ്, അഭിഭാഷകരായ ജിത്തു എസ്. നായര്‍, യദു കൃഷ്‌ണന്‍, കെവിന്‍ ജയിംസ്, എം.എസ് മാളവിക, കെ.ബി അഭിജിത്ത് എന്നിവര്‍ ഹാജരായി.