പത്തനംതിട്ട : സിപിഐ പത്തനംതിട്ട ജില്ല സെക്രട്ടറി സ്ഥാനത്തുനിന്നും എപി ജയനെ പുറത്താക്കിയതിന് പിന്നാലെ സിപിഐയില്‍ ചേരിപ്പോര് രൂക്ഷമാകുന്നു (AP jayan ousted). നടപടിയിൽ പ്രതിഷേധിച്ച് എ പി ജയനെ അനുകൂലിക്കുന്ന പെരിങ്ങനാട് വടക്ക് ലോക്കല്‍ കമ്മിറ്റി അംഗങ്ങൾ കൂട്ടരാജി നല്‍കി (Mass resignation in peringanadu north local committee)എ പി ജയൻ താമസിക്കുന്ന പ്രദേശം ഉൾപ്പെടുന്ന ലോക്കൽ കമ്മിറ്റിയാണിത്. സിപിഐ പെരിങ്ങനാട് തെക്ക് ലോക്കൽ കമ്മിറ്റി ഭാരവാഹികളും രാജിയിലേക്ക് നീങ്ങുന്നതായാണ് സൂചന.
വരും ദിവസങ്ങളിൽ മറ്റ് ഘടകങ്ങളിലും കൂടുതൽ രാജി ഉണ്ടാകുമെന്നാണ് സൂചന. വിഭാഗീയതയുടെ ഭാഗമായാണ് ജയനെതിരായ പരാതിയും നടപടിയും എന്നാണ് അനുകൂലിക്കുന്നവരുടെ നിലപാട്. എന്നാല്‍ ആരോപണങ്ങളില്‍ വ്യക്തമായ തെളിവുകള്‍ പാര്‍ട്ടിക്ക് കിട്ടിയതുകൊണ്ടാണ് ജയനെതിരെ നടപടി സ്വീകരിച്ചതെന്ന് എതിര്‍ വിഭാഗം പറയുന്നു. അനധികൃത സ്വത്ത് സമ്പാദന പരാതിയിലാണ് ജയനെ ജില്ല സെക്രട്ടറി സ്ഥാനത്തുനിന്ന് പുറത്താക്കുകയും പാര്‍ട്ടി ബ്രാഞ്ചിലേക്ക് തരംതാഴ്ത്തുകയും ചെയ്തത്.
ജയനെ തെരഞ്ഞെടുക്കപ്പെട്ട മുഴുവൻ സ്ഥാനങ്ങളില്‍ നിന്ന് നീക്കാനും തീരുമാനിച്ചിട്ടുണ്ട്. അനധികൃത സ്വത്തുസമ്പാദനത്തില്‍ ജയന് വ്യക്തമായ പങ്കുണ്ടെന്നാണ് സംസ്ഥാന നേതൃത്വത്തിന്‍റെ വിലയിരുത്തല്‍. സംസ്ഥാന കൗണ്‍സില്‍ അംഗമാണ് താനെന്നും ആ ഘടകത്തിലാണ് ചര്‍ച്ച ചെയ്ത് നടപടിയെടുക്കേണ്ടതെന്നും അതുണ്ടായില്ലെന്നും ജയൻ പ്രതികരിച്ചിരുന്നു.
സാമ്പത്തിക കാര്യങ്ങളെല്ലാം സുതാര്യമാണെന്നുമാണ് ജയന്‍റെ വാദം. തനിക്കെതിരായ പാര്‍ട്ടി നടപടി ശരിയായ രീതിയിലല്ല. ഗൂഢാലോചന നടത്തിയത് ആരെന്ന് പിന്നീട് തുറന്നുപറയും. സിപിഐയില്‍ തുടരും. ചെങ്കൊടി പുതച്ച് തന്നെ മരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
സിപിഐ അംഗം കൂടിയായ ജില്ല പഞ്ചായത്ത് അംഗം ശ്രീനാദേവി കുഞ്ഞമ്മയുടെ പരാതിയിലായിരുന്നു ജയനെതിരെ നടപടി. (compliant of sreenadevi kunjamma leads to action)കൊല്ലം ജില്ലക്കാരി ആയിരുന്ന ശ്രീന ദേവി കുഞ്ഞമ്മയെ ജില്ല പഞ്ചായത്ത് പള്ളിക്കൽ ഡിവിഷനിൽ സ്ഥാനാർഥിയാക്കാൻ മുൻകൈ എടുത്തത് എ പി ജയനാണ്. ഇതിനായി ശ്രീനാദേവിയെ പള്ളിക്കൽ പഞ്ചായത്തിൽ വാടക വീട് എടുത്ത് താമസിപ്പിച്ച് രേഖകൾ ഉൾപ്പടെ ശരിയാക്കി നൽകിയിരുന്നു. പിന്നീട് ഇരുവരും തമ്മിൽ സ്വരച്ചേര്‍ച്ച ഇല്ലാതെ വന്നതോടെയാണ് ശ്രീനാദേവി പരാതിയുമായി രംഗത്തുവന്നത്.
Also Read : കാനത്തിന് പകരക്കാരനില്ല, അസിസ്റ്റന്‍റ് സെക്രട്ടറിമാര്‍ തത്‌കാലം സെക്രട്ടറിയുടെ ചുമതല വഹിക്കും
അടൂർ പള്ളിക്കൽ ഡിവിഷനിൽ നിന്നുള്ള സിപിഐയുടെ ജില്ല പഞ്ചായത്ത് അംഗം ആണ് പരാതിക്കാരിയായ ശ്രീനാദേവി കുഞ്ഞമ്മ.എൽ ഡി എഫിലെ ധാരണ പ്രകാരം അടുത്ത ടേമില്‍ സിപിഐയ്ക്കാണ് ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് സ്ഥാനം. ഈ സ്ഥാനത്തേക്ക് പരിഗണിക്കാനിടയുള്ളയാള്‍ കൂടിയാണ് പരാതിക്കാരിയായ ശ്രീന. ജയനെതിരായ പരാതിയില്‍ നാല് അംഗ പാര്‍ട്ടി കമ്മീഷൻ അന്വേഷണം നടത്തിയിരുന്നു. മുല്ലക്കര രത്നാകരനാണ് പകരം ജില്ല സെക്രട്ടറിയുടെ ചുമതല നല്‍കിയിരിക്കുന്നത്.