പത്തനംതിട്ട: പരുമല തിക്കപ്പുഴ ജംഗ്‌ഷന് സമീപം നിയന്ത്രണംവിട്ട കാർ ബൈക്കിൽ ഇടിച്ചു മറിഞ്ഞു രണ്ട് പേർക്ക് പരിക്ക്. ഒരാളുടെ നില ഗുരുതരമാണ്. ബൈക്ക് യാത്രക്കാരനായ യുവാവിനും കാൽനടയാത്രികനുമാണ് പരുക്കേറ്റത്. വൈകിട്ട് ആറരയോടെയായിരുന്നു സംഭവം. നിയന്ത്രണം വിട്ട കാർ ബൈക്കിൽ ഇടിച്ച ശേഷം വൈദ്യുതി പോസ്റ്റ് ഇടിച്ചു തകർത്ത് റോഡിലേക്ക് മറിയുകയായിരുന്നു.
ബൈക്ക് യാത്രികനായിരുന്ന പരുമല സ്വദേശി അരുൺ (18), കാൽനട യാത്രികനായിരുന്ന പരുമല സ്വദേശി ഗോപാലകൃഷ്ണൻ (52) എന്നിവർക്കാണ് പരിക്കേറ്റത്. അപകടത്തിൽ ഗുരുതരമായി പരുക്കേറ്റ ബൈക്ക് യാത്രികനായ അരുണിനെ തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ ആശുപത്രിയിലും ഗോപാലകൃഷ്ണനെ പരുമലയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. അപകടത്തെ തുടർന്ന് ഒരു മണിക്കൂറോളം ഗതാഗതം തടസപ്പെട്ടു. പൊലീസും ഫയർഫോഴ്‌സും നാട്ടുകാരും ചേർന്നാണ് വാഹനങ്ങൾ റോഡിൽ നിന്ന് മാറ്റി ഗതാഗതം പുനസ്ഥാപിച്ചത്.