പാലക്കാട്: വാളയാർ കേസിലെ രണ്ട് പ്രതികളെ പാലക്കാട് പോക്സോ കോടതി റിമാൻഡ് ചെയ്‌തു. കേസിൽ തുടരന്വേഷണം ആവശ്യപ്പെട്ട് പൊലീസ് നൽകിയ അപേക്ഷ മറ്റന്നാൾ പരിഗണിക്കും. വാളയാർ കേസിലെ പ്രതികളായ വി.മധു, ഇടുക്കി സ്വദേശി ഷിബു എന്നിവരെയാണ് പാലക്കാട് പോക്സോ കോടതി ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടത്. മറ്റൊരു പ്രതിയായ എം മധുവിന് ഹൈക്കോടതി നേരത്തെ നൽകിയ ജാമ്യം തുടരും.
പ്രതികളെ വെറുതെ വിട്ടുള്ള വിധി ഹൈക്കോടതി റദ്ദാക്കിയതിനെ തുടർന്നാണ് പ്രതികൾ ഇന്ന് വീണ്ടും വിചാരണ കോടതിയിൽ ഹാജരായത്. പ്രതികൾക്ക് ജാമ്യം നൽകരുതെന്നും പുറത്തിറങ്ങിയാൽ വീണ്ടും തെളിവുകൾ നശിപ്പിക്കുമെന്നും പ്രോസിക്യൂഷൻ വാദിച്ചു. തുടർന്നാണ് ജുഡീഷ്യൽ കസ്റ്റഡിയിൽ വേണമെന്ന പ്രോസിക്യൂഷന്‍റെ ആവശ്യം കോടതി അംഗീകരിച്ചത്. ക്രൈംബ്രാഞ്ച് എസ്‌പി എ.എസ്. രാജു കോടതിയിലെത്തി തുടർ അന്വേഷണത്തിന് അപേക്ഷ നൽകി. 22ന് പ്രതികളുടെ ജാമ്യാപേക്ഷയോടൊപ്പം തുടരന്വേഷണ അപേക്ഷയും കോടതി പരിഗണിക്കും. കേസ് അട്ടിമറിച്ച ഉദ്യോഗസ്ഥർക്കെതിരായ സമരം തുടരുമെന്ന് വാളയാർ കേസിലെ സമരസമിതി നേതാക്കൾ പറഞ്ഞു.