പാലക്കാട്: വാടകക്കെട്ടിടത്തില്‍ സൂക്ഷിച്ച ഒന്നരക്കോടി രൂപ വിലവരുന്ന ലഹരി പദാര്‍ഥങ്ങളുമായി മൂന്നുപേരെ എക്‌സൈസ് സംഘം അറസ്‌റ്റ് ചെയ്‌തു. കിഴക്കഞ്ചേരി വക്കാല സ്വദേശി സുദേവന്‍ (41), ഇടുക്കി സ്വദേശികളായ രഞ്‌ജിത്ത് (27), മനോജ് (30) എന്നിവരെയാണ് അറസ്റ്റ് ചെയ്‌തത്. പാലക്കാട് എക്‌സൈസ് ഡെപ്യൂട്ടി കമ്മിഷണര്‍ക്ക് ലഭിച്ച രഹസ്യവിവരത്തെത്തുടര്‍ന്ന് ആലത്തൂര്‍, കൊല്ലങ്കോട്, പാലക്കാട് എന്നിവിടങ്ങളിലെ പ്രത്യേക പരിശോധന ടീമിന്‍റെ നേതൃത്വത്തിലാണ് ചിറ്റിലഞ്ചേരി രക്കിയംപാടത്തെ വാടകക്കെട്ടിടത്തിൽനിന്ന് സാധനങ്ങള്‍ പിടിച്ചെടുത്തത്.
വെളുത്തുള്ളി ചാക്കുകള്‍ക്കിടയില്‍ ഒളിപ്പിച്ചാണ് ലഹരിവസ്‌തുക്കൾ ഇതര സംസ്ഥാനങ്ങളില്‍നിന്ന് ഇവിടെ എത്തിച്ച് വില്‍ക്കുന്നത്. പരിശോധനയില്‍ 316 ചാക്കിലും 32 പെട്ടികളിലുമായി സൂക്ഷിച്ച ഹാന്‍സ്, കോള്‍ലിപ്പ് എന്നിവയാണ് പിടിച്ചെടുത്തത്. ഇവ കൊണ്ടുവന്ന ലോറിയും കസ്റ്റഡിയിലെടുത്തു.
ചൊവ്വാഴ്‌ച പുലര്‍ച്ചെ 12.30ന് തുടങ്ങിയ പരിശോധന രാവിലെ ഏഴിനാണ് അവസാനിച്ചത്. ആലത്തൂര്‍ എക്‌സൈസ് ഇന്‍സ്‌പെക്‌ടര്‍ ജയപ്രസാദ്, പ്രിവന്‍റീവ് ഓഫിസര്‍മാരായ പി എസ് സുമേഷ്, ശ്രീകുമാര്‍, മനോഹരന്‍, അരവിന്ദാക്ഷന്‍, രതീഷ്, രഞ്‌ജിത്ത് ചെന്താമര, വിനുകുമാര്‍ എന്നിവര്‍ പരിശോധനയിൽ പങ്കെടുത്തു.