പാലക്കാട് : വാളയാര്‍ പീഡന കേസ് അട്ടിമറിക്കുകയാണെന്നാരോപിച്ച് വീണ്ടും സത്യാഗ്രഹ സമരവുമായി പെണ്‍കുട്ടികളുടെ അമ്മ. പോക്സോ കേസില്‍ പ്രതിയാക്കിയ എസ് പി സോജനെതിരെ മുഖ്യമന്ത്രി അടിയന്തര ശിക്ഷാനടപടികളെടുക്കുന്നില്ലെന്ന് ആരോപിച്ചാണ് സത്യാഗ്രഹം. വാളയാർ നീതി സമര സമിതിയുടെ നേതൃത്വത്തിൽ അഞ്ച് വിലക്കിന് മുന്‍പിലായിരുന്നു പ്രതിഷേധം.
വാളയാർ നീതി സമര സമിതി ചെയർമാൻ വിളയോടി വേണുഗോപാൽ ഉദ്ഘാടനം ചെയ്തു. വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് കെ. ശിവരാജേഷ്, ബി. രാജേന്ദ്രൻ നായർ, സണ്ണി, പി എച്ച്.കബീർ, ശശി വർമ, വിജയൻ അമ്പലക്കാട് തുടങ്ങി നിരവധി പേര്‍ സംസാരിച്ചു. 2017 ജനുവരിയിലും മാര്‍ച്ചിലുമാണ് വാളയാറില്‍ പതിമൂന്നും ഒന്‍പതും വയസുള്ള സഹോദരികളായ ദളിത് പെണ്‍കുട്ടികളെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
also read: ഉപദ്രവിക്കുന്നുവെന്ന് പിതാവിനോട് പരാതിപ്പെട്ടു; 7 വയസുകാരനെ കഴുത്തുഞെരിച്ച് കൊന്ന് രണ്ടാനമ്മ
മരണശേഷം നടത്തിയ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലും രണ്ടുപേരും ലൈംഗികാതിക്രമങ്ങള്‍ക്ക് ഇരയായിട്ടുണ്ടെന്ന് കണ്ടെത്തിയിരുന്നു. എന്നാല്‍ സംഭവത്തില്‍ ദുരൂഹതയുണ്ടെന്നും അന്വേഷണം വേണമെന്നും വീട്ടുകാര്‍ ആവശ്യപ്പെട്ടു. കേസ് അന്വേഷണത്തിനിടെ സംശയം തോന്നി ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച യുവാവ് ജീവനൊടുക്കുകയും ചെയ്തിരുന്നു.
ഇതിലും ദുരൂഹതയുണ്ടെന്ന് യുവാവിന്‍റെ ബന്ധുക്കള്‍ പറഞ്ഞിരുന്നു. സഹോദരികളായ രണ്ട് പെണ്‍കുട്ടികളും പീഡനത്തിനിരയാക്കി കൊലപ്പെടുത്തിയിട്ടും കേസില്‍ നീതി ലഭിച്ചില്ലെന്നാരോപിച്ചാണ് അമ്മയുടെ സമരം.