പാലക്കാട്: അട്ടപ്പാടി വനത്തില്‍ മാവോയിസ്റ്റുകളെ വെടിവച്ചു കൊന്ന സംഭവത്തില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍ കേസെടുത്തു. സംഭവത്തില്‍ നേരിട്ട് ഹാജരായി വിശദീകരണം നല്‍കണമെന്നാവശ്യപ്പെട്ട് സംസ്ഥാന പൊലീസ് മേധാവിക്ക് കമ്മിഷന്‍ നോട്ടീസയച്ചു. കമ്മിഷനിലെ ജുഡീഷ്യല്‍ അംഗം പി. മോഹന്‍ദാസാണ് ഇതു സംബന്ധിച്ച നോട്ടീസ് അയച്ചത്.
കേസ് നവംബര്‍ 12ന് കല്‍പ്പറ്റയില്‍ നടക്കുന്ന സിറ്റിങില്‍ കമ്മിഷന്‍ പരിഗണിക്കും. പൊലീസിനെതിരെ രൂക്ഷ വിമർശനമാണ് കമ്മിഷൻ ഉന്നയിച്ചത്. കെലാപതകം നടന്നത് ദൈവത്തിന്‍റെ സ്വന്തം നാട്ടിലാണെന്ന് കമ്മിഷന്‍ പറഞ്ഞു. ഒരു സ്ത്രീ ഉള്‍പ്പെടെ നാലുപേരെ കണ്ട ഉടന്‍ വെടിവയ്ക്കാനുണ്ടായ പ്രകോപനം എന്താണെന്ന് ഉന്നത ഉദ്യോഗസ്ഥര്‍ ഇതുവരെ വിശദീകരിച്ചിട്ടില്ല. മാവോയിസ്റ്റ് എന്ന സംശയത്തില്‍ നാലുപേരുടെ ജീവന്‍ എടുക്കാനുള്ള അധികാരം പെലീസിനില്ല. മനുഷ്യത്വരഹിതമായ ഇത്തരമൊരു പ്രവൃത്തി നിര്‍വഹിക്കാന്‍ പൊലീസിന് കോടതി അധികാരം നല്‍കിയിട്ടുമില്ല. അതേസമയം, സ്വയം പ്രതിരോധിക്കാന്‍ ഒരാള്‍ക്ക് അവകാശവുമുണ്ട്. അട്ടപ്പാടിയില്‍ അത്തരമൊരു സാഹചര്യം ഉണ്ടായതായി കാണുന്നില്ലെന്നും കമ്മിഷന്‍ ഉത്തരവില്‍ വ്യക്തമാക്കി.