പാലക്കാട്: പാലക്കാട് ഗവണ്‍മെന്‍റ് മെഡിക്കല്‍ കോളജില്‍ കൊവിഡ് പരിശോധനയ്ക്കുള്ള ആര്‍.ടി.പി.സി.ആര്‍ ടെസ്റ്റ് തുടങ്ങി. കഴിഞ്ഞ ദിവസമാണ് ആര്‍.ടി.പി.സി.ആര്‍ പരിശോധന സംവിധാനത്തിന് ഐ.സി.എം.ആറില്‍ നിന്നും അംഗീകാരം ലഭിച്ചത്. ആര്‍.ടി.പി.സി.ആര്‍ സംവിധാനത്തിന്‍റെ ഉദ്ഘാടനം മന്ത്രി എ.കെ ബാലന്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ നിര്‍വഹിച്ചു.
നിലവില്‍ ജില്ലയില്‍ നിന്ന് ഒരു ദിവസം 500 മുതല്‍ 600 വരെ സാമ്പിളുകള്‍ ആലപ്പുഴ, തൃശൂര്‍ ജില്ലകളിലായാണ് പരിശോധന നടത്തിവരുന്നത്. പാലക്കാട് ഗവണ്‍മെന്‍റ് മെഡിക്കല്‍ കോളജിലെ ആര്‍.ടി.പി.സി.ആര്‍ ടെസ്റ്റിലൂടെ ഒരു ദിവസം ഏകദേശം 300 സാമ്പിളുകള്‍ പരിശോധിക്കാനാകുമെന്നും മന്ത്രി അറിയിച്ചു. ആദ്യപടിയായി 46 സാമ്പിളുകളുടെ പരിശോധന നടത്തിയിട്ടുണ്ട്. ഏകദേശം 40 ലക്ഷം രൂപ ചിലവഴിച്ചാണ് മെഡിക്കല്‍ കോളജില്‍ ആര്‍.ടി.പി.സി.ആര്‍ സംവിധാനം സജ്ജമാക്കിയിരിക്കുന്നത്.
മലപ്പുറം കഴിഞ്ഞാല്‍ പാലക്കാടാണ് കൂടുതല്‍ പോസിറ്റീവ് കേസുകള്‍ എന്നുള്ളതിനാല്‍ കൂടുതല്‍ മുന്‍കരുതലിന്‍റെ ഭാഗമായാണ് മെഡിക്കല്‍ കോളജില്‍ ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്‍റെന്ന രീതിയില്‍ ചികിത്സ ആരംഭിക്കുന്നതെന്ന് മന്ത്രി എ.കെ ബാലന്‍ പറഞ്ഞു. ഷാഫി പറമ്പില്‍ എം.എല്‍.എ ചടങ്ങില്‍ അധ്യക്ഷനായി.