പാലക്കാട്: ജില്ലയിൽ വച്ച് കൊവിഡ് സ്ഥിരീകരിച്ച കണ്ണൂർ സ്വദേശി നിരീക്ഷണത്തിലിരിക്കെ നാട്ടിലേക്ക് മടങ്ങി. ജൂൺ 23ന് സുഹൃത്തിനൊപ്പം മധുരയിൽ നിന്നെത്തിയ കണ്ണൂർ സ്വദേശി പാലക്കാട് തൃത്താല കുമ്പിടിയിൽ സുഹൃത്തിന്‍റെ വീട്ടിൽ നിരീക്ഷണത്തിൽ കഴിയുകയായിരുന്നു. 30ന് സാമ്പിളുകൾ കൊവിഡ് പരിശോധനക്കെടുത്തിരുന്നു.
പരിശോധനാ ഫലം വരുന്ന സാഹചര്യത്തിൽ ആരോഗ്യ വകുപ്പ് പ്രവർത്തകർ രാവിലെ ബന്ധപ്പെട്ടപ്പോൾ ഇയാൾ സുഹൃത്തിന്‍റെ വീട്ടിലുണ്ടായിരുന്നു. പരിശോധന ഫലം വരുന്നതിന് മുമ്പാണ് ഇയാൾ നാട്ടിലേക്ക് മടങ്ങിയത്. ഇയാളുടെ പരിശോധനാ ഫലം പോസിറ്റീവാണ്. സുഹൃത്തിനൊപ്പം ബൈക്കിലാണ് ഇയാൾ കോഴിക്കോടെത്തിയത്. തുടർന്ന് ഇയാൾ കെ.എസ്.ആർ.ടി.സി ബസിൽ കണ്ണൂരിലേക്ക് യാത്ര ചെയ്യുകയായിരുന്നു. ആരോഗ്യ വകുപ്പ് നൽകിയ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ അന്വേഷണത്തിൽ കൊയിലാണ്ടിയിൽ വച്ച് ഇയാളെ കണ്ടെത്തി. തുടർന്ന് ആരോഗ്യ പ്രവർത്തകർ ഇയാളെ കണ്ണൂരിലെ ചികിത്സാ കേന്ദ്രത്തിലേക്ക് മാറ്റി. ഇയാളുടെ കൂടെ നിരീക്ഷണത്തിലുണ്ടായിരുന്നയാൾക്കും കൊവിഡ് സ്ഥീരികരിച്ചിട്ടുണ്ടെന്നാണ് ആരോഗ്യ വകുപ്പ് നൽകുന്ന വിവരം. യാത്രക്കിടെ സമ്പർക്കമുണ്ടായിരുന്ന ആളുകളെ കണ്ടെത്തുന്നതിനുള്ള ശ്രമം നടത്തി വരികയാണെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.