പാലക്കാട്: ഇന്ന് മുതല്‍ (24.03.2022) പന്നിയങ്കരയില്‍ പ്രദേശവാസികള്‍ക്കും ടോള്‍ നല്‍കണം. ഇന്നലെ വരെ ആധാര്‍ കാര്‍ഡ് കാണിച്ചാല്‍ ടോള്‍ പ്ലാസയ്ക്ക് 20 കിലോമീറ്റര്‍ ചുറ്റളവിലുള്ളവര്‍ക്ക് സൗജന്യമായി കടന്നുപോകാമായിരുന്നു. ഇന്നലെ കലക്‌ടറേറ്റില്‍ നടന്ന യോഗത്തില്‍ ഈ ഇളവും പിൻവലിച്ചു.
ദേശീയപാത അതോറിറ്റിയുടെ മേല്‍നോട്ടത്തിലുള്ള ടോള്‍പ്ലാസയില്‍ ടോള്‍ പിരിക്കുന്നത് സ്വകാര്യ കമ്പനിയാണ്. പ്രദേശവാസികള്‍ക്കും ടോള്‍ ഈടാക്കണമെന്നതാണ് എൻ.എച്ച്.എയുടെ ആവശ്യം. ഇത് സര്‍ക്കാര്‍ അംഗീകരിക്കുകയായിരുന്നു. സ്വകാര്യ ബസുകള്‍ക്കും ഇളവ് നല്‍കില്ല.
വടക്കഞ്ചേരി, കണ്ണമ്പ്ര, കിഴക്കഞ്ചേരി, പുതുക്കോട്, വണ്ടാഴി, പാണഞ്ചേരി പഞ്ചായത്തുകളിലുള്ളവർക്കാണ് നേരത്തെ ഈ ആനുകൂല്യമുണ്ടായിരുന്നത്. നിലവിൽ ടോൾ പ്ലാസക്ക് 20 കിലോമീറ്റർ ചുറ്റളവിൽ താമസിക്കുന്നവർക്ക് പ്രതിമാസം 285 രൂപ നിരക്കിൽ മാസ പാസ് എടുത്ത് എത്ര തവണ വേണമെങ്കിലും യാത്ര ചെയ്യാൻ അനുമതിയുണ്ട്. ഇത് ഒരു വർഷത്തേക്കോ, ആറ് മാസത്തേക്കോ നീട്ടണമെന്ന ആവശ്യമുയർന്നെങ്കിലും അംഗീകരിച്ചില്ല.
ALSO READ: സംസ്ഥാനത്ത് സ്വകാര്യ ബസുടമകളുടെ അനിശ്ചിതകാല പണിമുടക്ക് ആരംഭിച്ചു
സ്വകാര്യ ബസുകളുടെ ടോൾ നിരക്ക് കുറക്കുന്നതിനെ കുറിച്ചും ധാരണയായിട്ടില്ല. പ്രതിമാസം 9400 രൂപയെങ്കിലും സ്വകാര്യ ബസുകൾ ടോൾ നൽകണം. ഇതിൽ 50 തവണ മാത്രമേ ഒരു മാസം കടന്ന് പോകാൻ കഴിയുകയുള്ളൂ എന്നും വ്യവസ്ഥയുണ്ട്. അങ്ങിനെയെങ്കിൽ ടോൾ നിരക്ക് ഇനിയും ഉയരും. ഇത്രയും ഭീമമായ സംഖ്യ നൽകി സർവീസ് നടത്താൻ കഴിയില്ലെന്നാണ് ബസുടമകൾ പറയുന്നത്.
വരും ദിവസങ്ങളിൽ പ്രദേശവാസികളിൽ നിന്നും ടോൾ പിരിവ് ആരംഭിച്ചാൽ ശക്തമായ സമരങ്ങൾക്ക് തുടക്കം കുറിക്കാൻ സാധ്യതയുണ്ട്. ഇതിനിടെ പ്രദേശവാസികൾക്ക് അനുവദിച്ച 285 രൂപയുടെ മാസ പാസിന് ഇതുവരെ മുന്നൂറോളം പേർ അപേക്ഷ നൽകിയിട്ടുണ്ട്.