പാലക്കാട്: പഠനാവാശ്യങ്ങൾക്കായി പണം കണ്ടെത്തുന്നതിന് 'നെഗാൽ മറം' ഒരുക്കി ആദിവാസി ഊരിലെ കുട്ടികൾ. ഇരുള ഭാഷയിൽ 'നെഗാൽ മറ'മെന്നാൽ "തണൽ മരം" എന്നാണർഥമെങ്കിലും ഇവിടെ പൊള്ളുന്ന വെയിലിൽ നിന്ന് രക്ഷ നേടാനായി ഒരുക്കിയ ജ്യൂസ് കടയാണ് നെഗാൽ മരം.
അട്ടപ്പാടി പുതൂർ ചാവടിയൂർ നയനാംപെട്ടി ഊരിലെ കുട്ടികളാണ് ഈ സംരംഭത്തിന് പിന്നിൽ പ്രവർത്തിക്കുന്നത്. ഒന്നാം ക്ലാസിൽ പഠിക്കുന്ന അനഘ മുതൽ ബിരുദ വിദ്യാർഥിയായ ധനുഷ് വരെ ഈ കൂട്ടത്തിലുണ്ട്. ഒരു ദിവസം ലഭിക്കുന്ന തുകയുടെ പകുതി നാളത്തേക്കുള്ള സാധനങ്ങൾ വാങ്ങുന്നതിനായി മാറ്റി വയ്ക്കും. ബാക്കി പകുതി പോസ്റ്റോഫീസിൽ കുട്ടികൾ ആരംഭിച്ച സേവിങ്സ് അക്കൗണ്ടിൽ നിക്ഷേപിക്കും. നാട്ടുകാരും രക്ഷിതാക്കളും വലിയ പിന്തുണയാണ് ഇവർക്ക് നൽകുന്നത്. കട ആരംഭിക്കുന്നതിനുള്ള മൂലധനം നൽകിയതും രക്ഷിതാക്കൾ തന്നെ.
മുഴുവൻ സമയവും മൊബൈലിൽ സമയം ചെലവഴിച്ചിരുന്നവരാണ് ഈ കൂട്ടത്തിത്തിലുള്ളവരിൽ ഭൂരിഭാഗവും. എന്നാൽ നെഗാൽ മറം വന്നതോടു കൂടി മൊബൈൽ ഫോൺ അധികം ഉപയോഗിക്കാറില്ലെന്നും നേരത്തെ എഴുന്നേൽക്കാൻ തുടങ്ങിയെന്നും ദൈനം ദിന കാര്യങ്ങൾക്ക് അടുക്കും ചിട്ടയും വന്നെന്നും കുട്ടികൾ സാക്ഷ്യപ്പെടുത്തുന്നു.