പാലക്കാട്: കടുത്ത ചൂടിൽ ഏറ്റവും അധികം പ്രതിസന്ധിയിലായിരിക്കുന്നത് പാലക്കാട്ടെ കർഷകരാണ്. കൊയ്തെടുത്ത നെല്ലിന്‍റെ ഈര്‍പ്പം വലിഞ്ഞതോടെ തൂക്കം കുറഞ്ഞു. ഒരേക്കര്‍ ഭൂമിയില്‍ കൃഷി ചെയ്‌ത കര്‍ഷകന് മൂവായിരം രൂപയിലധികമാണ് ഇതോടെ നഷ്‌ടമായത്. പതിനായിരം ഹെക്‌ടറിലാണ് പാലക്കാട് രണ്ടാം വിള കൃഷിയിറക്കിയത്.
കൊയ്ത്തു കഴിഞ്ഞ‍് സപ്ലൈക്കോ നെല്ല് സംഭരിച്ചപ്പോഴാണ് തൂക്കത്തിലെ കുറവ് ശ്രദ്ധയിൽപ്പെട്ടത്. ഏക്കറിന് രണ്ടായിരത്തി ഇരുന്നൂറിലേറെ കിലോ നെല്ലുകിട്ടുമെന്നായിരുന്നു പ്രതീക്ഷ. പക്ഷേ കിട്ടിയത് രണ്ടായിരം കിലോയില്‍ താഴെ മാത്രമെന്നാണ് കർഷകർ പറയുന്നത്.
17 ശതമാനം ഉണക്കാണ് മില്ലുകള്‍ ആവശ്യപ്പെടുന്നത്. ചൂടില്‍ ഈര്‍പ്പം കുറഞ്ഞു ഉണക്ക് 14 ശതമാനമായി. ഒരു ചാക്കില്‍ രണ്ട് കിലോയിലേറെ നെല്ലാണ് അധികം നല്‍കേണ്ടി വന്നത്. ഇതോടെ ഒന്നാം വിള മഴ കൊണ്ടുപോയ കര്‍ഷകര്‍ ശരിക്കും ദുരിതത്തിലായിരിക്കുകയാണ്.