പാലക്കാട് : പട്ടാമ്പി കറുകപ്പുത്തൂരില്‍ പീഡനത്തിനിരയായ പെൺകുട്ടിക്ക്, ഉപയോഗിക്കാന്‍ നല്‍കിയത് പട്ടാമ്പിയിലെ ഹോട്ടലുടമയുടെ പേരിലുള്ള സിം കാര്‍ഡ്. ലഹരിപ്പാർട്ടി നടന്ന ഹോട്ടലിന്‍റെ ഉടമ വിനോദിന്‍റെ പേരിലുള്ളതാണ് സിം.
ഇത് പെൺകുട്ടിയുടെ വീട്ടുകാർ കണ്ടെത്തിയിരുന്നു. മൂന്നാം പ്രതിയായ അഭിലാഷിനൊപ്പം പെൺകുട്ടിയെ വീട്ടുകാര്‍ കണ്ടതിന് പിന്നാലെയാണ് സിം കാർഡ് പ്രവർത്തന രഹിതമായത്.
ഇതോടെ വിനോദ് ഡ്യൂപ്ലിക്കേറ്റ് സിം കാർഡ് തരപ്പെടുത്തി. എന്നാൽ, ഹോട്ടലിൽ ഇടയ്ക്കിടെ മുറിയെടുക്കുന്ന അഭിലാഷിന് താത്കാലികമായി ഉപയോഗിക്കാന്‍ സിം നല്‍കുകയായിരുന്നുവെന്നാണ് വിനോദിന്‍റെ വാദം.
കൂടുതൽ വായനയ്ക്ക്: പാലക്കാട് ലഹരിമരുന്ന് നല്‍കി പെണ്‍കുട്ടിയെ പീഡിപ്പിച്ചു ; മുഖ്യമന്ത്രിക്ക് പരാതി നല്‍കി അമ്മ
സിം തിരികെ ലഭിക്കാതിരുന്നതിനാലാണ് ഡ്യൂപ്ലിക്കേറ്റ് സംഘടിപ്പിച്ചതെന്നും ഇയാൾ പറയുന്നു. അതിനിടെ, പട്ടാമ്പിയിലെ ഹോട്ടല്‍ മുറിയില്‍ നടന്ന ലഹരിപ്പാർട്ടിയുടെ കൂടുതൽ ദൃശ്യങ്ങള്‍ പുറത്തുവന്നു. യുവാക്കൾ സംഘം ചേർന്ന് ലഹരി ഉപയോഗിക്കുന്നതടക്കമാണ് ദൃശ്യങ്ങളിലുള്ളത്.
ശ്രീജിത്ത്, പ്രണവ്, ഡിജെ മുസ്‌തഫ, മുനീർ, സുഹൈൽ, അമീർ, അക്ബർ, സുൽത്താൻ, ബാബു എന്നിവര്‍ ഈ പാർട്ടിയിൽ പങ്കെടുത്തിരുന്നതായി പെൺകുട്ടി മൊഴി നല്‍കിയിട്ടുണ്ട്. ഇതിലൊരാൾ കോൺഗ്രസ് നേതാവിന്‍റെ മകനാണെന്നാണ് സൂചന.
പെൺകുട്ടിയെ ലഹരിമരുന്നിന് അടിമയാക്കി പീഡിപ്പിച്ച കേസിൽ ഇതുവരെ മൂന്ന് പേരാണ് അറസ്റ്റിലായിരിക്കുന്നത്.