പാലക്കാട്: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ ജില്ലയില്‍ പ്രളയ മുന്നൊരുക്കങ്ങൾ ആരംഭിച്ചു. വെള്ളം കയറിയാൽ ജനങ്ങളെ മാറ്റിപ്പാർപ്പിക്കാൻ മുന്നൂറിലധികം ക്യാമ്പുകൾ സജ്ജീകരിക്കാൻ പ്രവർത്തനങ്ങൾ തുടങ്ങി. വയോജനങ്ങൾ, കുട്ടികൾ, കൊവിഡ് നിരീക്ഷണത്തിലുള്ളവർ, മറ്റു പൊതു ജനങ്ങൾ എന്നിവർക്കായി നാലുവിധത്തില്‍ ക്യാമ്പുകൾ ഒരുക്കാനാണ് സ്ഥലം കണ്ടെത്തിയിരിക്കുന്നത്. കൊവിഡ് നിരീക്ഷണത്തിൽ ഉള്ളവർക്ക് സാമൂഹിക അകലം ഉറപ്പാക്കിയാണ് ക്രമീകരണങ്ങൾ ഏർപ്പെടുത്തുക.
സ്കൂളുകൾ, കല്യാണ മണ്ഡപങ്ങൾ എന്നിവയ്ക്ക് പുറമേ സ്വകാര്യ കെട്ടിടങ്ങളും ക്യാമ്പുകൾക്കായി ഏറ്റെടുത്തു. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾക്കാണ് ക്യാമ്പുകളുടെ ചുമതല. കുടിവെള്ളം, വൈദ്യുതി എന്നിവ ക്യാമ്പുകളിലേക്ക് എത്തിക്കാനുള്ള ചുമതലയും ഇവർക്കാണ്. ജൂലൈയോടെ ജില്ലയിൽ മഴ ശക്തമാകും. കഴിഞ്ഞ രണ്ട് വർഷത്തേത് പോലെ ഓഗസ്റ്റ് ആദ്യവാരത്തോടെ അതിശക്തമായ മഴ ഉണ്ടായേക്കും എന്ന മുന്നറിയിപ്പിനെ തുടർന്നാണ് മുന്നൊരുക്കങ്ങൾ നടത്തുന്നത്.