പാലക്കാട്: മുള്ളൻപന്നിയെ വെടിവെച്ചുകൊന്ന അഞ്ചംഗ സംഘം വനംവകുപ്പിന്‍റെ പിടിയിൽ. പെരിന്തൽമണ്ണ സ്വദേശി അഷറഫ് അലി (41), തൃക്കടീരി സ്വദേശി മുഹമ്മദ് ഇക്ബാൽ (22), ചെമ്മംകുഴിയിൽ മുഹമ്മദ് സാബിർ ( 30 ), ആനിക്കോട്ടിൽ മുഹമ്മദ് (41), ചോലക്ക തൊടി ഹൈദരാലി (41)എന്നിവരാണ് അറസ്റ്റിലായത്. പ്രതികള്‍ സഞ്ചരിച്ച ജീപ്പ്, രണ്ട് തോക്ക്, ആറ് തിരകൾ, മുള്ളൻപന്നി എന്നിവ ഉദ്യോഗസ്ഥര്‍ കസ്റ്റഡിയിലെടുത്തു.
ഞായർ രാത്രി 10 മണിയോടെയായിരുന്നു സംഭവം. ചളവറ ചെമ്പരത്തിമേട് വനത്തിൽ നിന്നാണ് സംഘം മുള്ളൻപന്നിയെ വെടിവെച്ച് പിടിച്ച സംഘം കൃത്യത്തിനുശേഷം വാഹനത്തിൽ കയറി പോകുന്നതിനിടെയാണ് പിടിയിലായത്. ഒറ്റപ്പാലം റെയ്ഞ്ച് ഫോറസ്റ്റ് ഓഫിസര്‍ക്ക് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് അഞ്ചംഗ സംഘം അറസ്റ്റിലായത്.
ALSO READ: വെള്ളറടയിൽ വീട്ടമ്മ തൂങ്ങി മരിച്ച നിലയിൽ; ആൺസുഹൃത്ത് പൊലീസ് കസ്റ്റഡിയിൽ
ഒറ്റപ്പാലം റെയ്ഞ്ച് ഫോറസ്‌റ്റ് ഓഫിസർ ജിയാസ് ജമ്മാലുദ്ദിൻ ലബ, സെക്ഷ്ൻ ഫോറസ്റ്റ് ഓഫിസർ ആർ രവിന്ദ്രനാഥ്, ബീറ്റ് ഓഫിസർമാരായ എം സഞ്ജു, കെ.ജി സനോജ്, വാച്ചർമാരായ കെ ഉണ്ണികൃഷ്ണൻ, ശിവൻ, ഡ്രൈവർ ഉണ്ണി എന്നിവർ പരിശോധനയിൽ പങ്കെടുത്തു.