പാലക്കാട്: ചരിത്രത്തിൽ ഇടം നേടിയ ചെർപ്പുളശ്ശേരിയിലെ സമാധാന മതിലിന് ഒരു വയസ് തികയുമ്പോള്‍ മതിലിന്‍റെ സൃഷ്‌ടാവ് സുരേഷ് കെ. നായര്‍ സന്തോഷത്തിലാണ്. മോഴിക്കുന്നത്ത് ബ്രഹ്മദത്തന്‍ നമ്പൂതിരിയുടെ ധീരകഥകള്‍ കേട്ട് അത് ആവിഷ്‌കരിക്കാനൊരു പ്രതലം തേടിയുള്ള സുരേഷിന്‍റെ അന്വേഷണം ചെന്നെത്തി നിന്നത് ചെര്‍പ്പുളശ്ശേരി ഗവ.ഹയര്‍ സെക്കൻഡറി സ്‌കൂളിന്‍റെ മതിലിന് മുന്നിൽ. ഇന്ന് ചരിത്രമായി മാറുകയാണ് ഈ സമാധാന മതിൽ.
മതിലിൽ ഏഴായിരം ചതുരശ്ര അടി വിസ്‌തീര്‍ണ്ണത്തില്‍ സുരേഷ് കെ. നായര്‍ വരച്ചിട്ടത് ചെര്‍പ്പുളശ്ശേരിയുടെ മുഖമാണ്. ദേശത്തിന്‍റെ ചരിത്ര, സാംസ്‌കാരിക പെരുമ മതിലിലെ ഓരോ ചിത്രങ്ങളും കാഴ്‌ചക്കാരനോട് സംവദിക്കും. വെള്ളിനേഴി ഗ്രാമപഞ്ചായത്തിലെ അടയ്ക്കാപുത്തൂര്‍ സ്വദേശിയും ബനാറസ് ഹിന്ദു സര്‍വ്വകലാശാലയിലെ ചിത്രകലാ അധ്യാപകനുമായ സുരേഷ് കെ. നായരുടെ വര്‍ഷങ്ങളുടെ കാത്തിരിപ്പിന്‍റെ ഫലമാണ് മതിലിൽ ആലേഖനം ചെയ്‌തിരിക്കുന്നത്.
സ്വാതന്ത്ര്യ സമര ചരിത്രത്തിലെ വള്ളുവനാടന്‍ ഏടുകളില്‍ അടര്‍ത്തിമാറ്റാനാകാത്ത അധ്യായമാണ് മോഴിക്കുന്നത്ത് ബ്രഹ്മദത്തന്‍ നമ്പൂതിരിപ്പാട്. അദ്ദേഹത്തിന്‍റെ കഥകള്‍ കേട്ട് ആരാധാന മൂത്താണ് സുരേഷ് ആ കഥകളത്രയും ആലേഖനം ചെയ്യാനുള്ള ശ്രമം തുടങ്ങിയത്. ചിത്രമതിലിനെ കുറിച്ച് കാഴ്ചക്കാര്‍ വാചലാരാകുമ്പോള്‍ നിറയുന്നത് ഈ ചിത്രകാരന്‍റെ മനസാണ്. ഒരു വര്‍ഷത്തിനിപ്പുറം ചെര്‍പ്പുളശ്ശേരിയുടെ മുഖമായി ഈ മതില്‍ മാറിയപ്പോള്‍ ശില്‍പ്പിക്ക് ജീവിതം ധന്യമായ അനുഭൂതിയാണ്.