പാലക്കാട്: രാജ്യത്ത് ഒമിക്രോൺ, കൊവിഡ് കേസുകൾ കൂടിവരുന്ന സാഹചര്യത്തിൽ ജില്ലയിലെ അതിർത്തി ചെക്‌പോസ്റ്റുകളിൽ തമിഴ്‌നാട് വീണ്ടും പരിശോധന ആരംഭിച്ചു. ചൊവ്വ പകൽ 11.30 മുതൽ വാളയാർ ചെക്പോസ്റ്റിൽ തമിഴ്‌നാട് പരിശോധനാകേന്ദ്രത്തിൽ ആരോഗ്യവകുപ്പും പൊലീസും വാഹനങ്ങൾ തടഞ്ഞു തുടങ്ങി. രണ്ട് ഡോസ് വാക്‌സിനേഷൻ പൂർത്തിയാക്കിയ സർട്ടിഫിക്കറ്റ് അല്ലെങ്കിൽ കഴിഞ്ഞ 72 മണിക്കൂറിനകം എടുത്ത കൊവിഡ് നെഗറ്റീവ് ആർ.ടി.പി.സി.ആർ സർട്ടിഫിക്കറ്റ് എന്നിവയുണ്ടെങ്കിൽ മാത്രമേ തമിഴ്‌നാട്ടിലേക്ക് പ്രവേശിക്കാനാകൂ.
കഴിഞ്ഞ ഒക്ടോബറിൽ പരിശോധന പൂർണമായും അവസാനിപ്പിച്ച തമിഴ്‌നാട് ദേശീയപാതയിൽ സ്ഥാപിച്ചിരുന്ന ബാരിക്കേഡുകൾ എടുത്തുമാറ്റി വാഹനങ്ങൾക്ക് കടന്നു പോകാൻ സൗകര്യമൊരുക്കിയിരുന്നു. എന്നാൽ ഒമിക്രോൺ വ്യാപനത്തെ തുടർന്ന് ചൊവ്വാഴ്ച മുതൽ ദേശീയ ബാരിക്കേഡുകൾ പുനഃസ്ഥാപിച്ചു. മുന്നറിയിപ്പില്ലാതെ നടത്തിയ പരിശോധന നൂറുകണക്കിനു യാത്രക്കാർക്ക് ബുദ്ധിമുട്ടായി. ആദ്യദിവസം ശരീരോഷ്മാവ് പരിശോധനയ്‌ക്ക്‌ശേഷം കടത്തി വിട്ടെങ്കിലും വരുംദിവസങ്ങളിൽ പരിശോധന കർശനമാക്കാനാണ് തമിഴ്‌നാടിന്‍റെ തീരുമാനം.
Also Read: ഒമിക്രോൺ ഭീതി; നിയന്ത്രണവുമായി സംസ്ഥാന സര്‍ക്കാര്‍
കെ.എസ്.ആർ.ടി.സി, തമിഴ്‌നാട് ട്രാൻസ്‌പോർട് ബസ്, ആംബുലൻസ്, ചരക്ക്‌വാഹനങ്ങൾ എന്നിവയെ ആദ്യദിവസം തടഞ്ഞില്ലെങ്കിലും വരുംദിവസങ്ങളിലെ കടുത്ത പരിശോധനയിൽ ഇവയും ഉൾപ്പെടുമെന്ന സൂചനയും തമിഴ്‌നാട് ആരോഗ്യവകുപ്പ് നൽകുന്നു. രണ്ടാം തരംഗത്തിൽ അഞ്ച് മാസത്തോളം അതിർത്തിയിൽ തമിഴ്‌നാട് പരിശോധിച്ചിരുന്നു. ജോലിക്കും പഠിക്കാനുമായി പോയിവരുന്ന നിരവധി പേരാണ് അന്ന് വലഞ്ഞത്.