പാലക്കാട്: പട്ടാമ്പിയിലെ കായിക പ്രേമികൾക്കായി നിർമിക്കുന്ന മൾട്ടി പർപസ് ഇൻഡോർ സ്റ്റേഡിയം അന്തിമഘട്ടത്തിൽ. പട്ടാമ്പി ബ്ലോക്ക് പഞ്ചായത്തിന്‍റെ നേതൃത്വത്തിൽ ആരവം പദ്ധതിയിൽ ഉൾപ്പെടുത്തി 30 ലക്ഷം രൂപ വിനിയോഗിച്ചാണ് സ്റ്റേഡിയം നിർമിക്കുന്നത്. 20 ലക്ഷം രൂപ ചിലവഴിച്ച് സ്റ്റേഡിയത്തിന്‍റെ സ്‌ട്രക്‌ചര്‍ വർക്കുകൾ പൂർത്തീകരിച്ചു. വൈദ്യുതീകരണ പ്രവർത്തനങ്ങളും പൂർത്തീകരിച്ചിട്ടുണ്ട്.
കൈപ്പുറം എക്കോ സാംസ്‌കാരിക കേന്ദ്രം സൗജന്യമായി ബ്ലോക്ക് പഞ്ചായത്തിന് കൈമാറിയ സ്ഥലത്താണ് സ്റ്റേഡിയം നിർമിച്ചിരിക്കുന്നത്. നിർമാണം പൂർത്തീകരിച്ച് അടുത്തമാസത്തോടെ സ്റ്റേഡിയം തുറന്നുകൊടുക്കും. പൊതുവായ ഷട്ടിൽ ബാട്‌മിന്‍റന്‍ കോർട്ടുകളില്ലാത്തതിനാൽ ഓഡിറ്റോറിയങ്ങളിലും പറമ്പുകളിലും കളിക്കുന്ന കായികതാരങ്ങൾക്ക് പട്ടാമ്പി ബ്ലോക്ക് പഞ്ചായത്തിന്‍റെ ഇൻഡോർ സ്റ്റേഡിയം വലിയ പ്രതീക്ഷയാണ് നൽകുന്നത്.