പാലക്കാട് : ഇന്ത്യ- ശ്രീലങ്ക ക്രിക്കറ്റ് മത്സരത്തിൽ കാണികൾ കുറഞ്ഞതിന്‍റെ പഴി സംസ്ഥാന സർക്കാരിന്‍റെ തലയിൽ കെട്ടിവയ്‌ക്കാനുള്ള ശ്രമം ആസൂത്രിതമെന്ന് മന്ത്രി എം ബി രാജേഷ്. വിനോദ നികുതി സർക്കാർ കൂട്ടിയിട്ടില്ല. കോർപറേഷൻ ചുമത്തിയ നികുതി സർക്കാർ കുറയ്‌ക്കുകയാണ് ചെയ്‌തത്. ഒരു വിഭാഗം മാധ്യമങ്ങൾ നടത്തുന്നത് തികച്ചും അടിസ്ഥാന രഹിതമായ പ്രചാരണമാണെന്നും മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
'ക്രിക്കറ്റ് അസോസിയേഷൻ ഉന്നയിക്കാത്ത ആക്ഷേപം കേരളത്തിലെ ഒരു വിഭാഗം മാധ്യമങ്ങളും പ്രതിപക്ഷവും ഉന്നയിക്കുന്നതിന് പിന്നിലെ ദുഷ്‌ടലാക്ക് വ്യക്തമാണ്. എന്തുകിട്ടിയാലും സർക്കാരിനെതിരെ ആയുധമാക്കുക എന്ന സമീപനമാണ് മാധ്യമങ്ങൾ സ്വീകരിക്കുന്നത്. ഇത് എല്ലാ പരിധിയും വിട്ട സർക്കാർ വിരുദ്ധ പ്രചാരവേലയാണ്.
വിനോദ നികുതി സർക്കാർ വർധിപ്പിച്ചുവെന്ന പ്രചാരണം വാസ്‌തവ വിരുദ്ധമാണ്. 24 മുതൽ 48 ശതമാനം വരെ വിനോദ നികുതി ചുമത്താൻ വകുപ്പുണ്ട്. തിരുവനന്തപുരം കോർപറേഷൻ ഡിസംബർ 13ന് 24 ശതമാനം നികുതി ആവശ്യപ്പെട്ടിരുന്നു' - മന്ത്രി അറിയിച്ചു.
'23ന് കെസിഎ ഇളവ് ആവശ്യപ്പെട്ട് സർക്കാരിന് അപേക്ഷ തന്നു. കോർപറേഷനുമായും കെസിഎയുമായും സംസാരിച്ച് നികുതി 12 ശതമാനമാക്കി കുറച്ചു. ക്രിക്കറ്റ് അസോസിയേഷൻ ടിക്കറ്റ് നിരക്ക് കുറയ്‌ക്കാമെന്നും സമ്മതിച്ചു.
ഈ വസ്‌തുത ബോധപൂർവം മറച്ചുവച്ച് കാണികൾ കുറഞ്ഞതിന്‍റെ ഉത്തരവാദിത്തം സർക്കാരിന്‍റെ തലയിൽ കെട്ടിവയ്‌ക്കുകയാണ്. സെപ്റ്റംബറിൽ ഇന്ത്യ-ദക്ഷിണാഫ്രിക്ക ട്വന്‍റി–ട്വന്‍റി മത്സരത്തിൽ ഇതിനേക്കാൾ ഉയർന്ന നിരക്കായിരുന്നു. അത് 1,500, 2,750, 6,000 എന്നിങ്ങനെയായിരുന്നു. ഇപ്പോഴത്തേത് 1,300, 6,000 എന്നിങ്ങനെ രണ്ട് നിരക്കായിരുന്നു' - മന്ത്രി വ്യക്തമാക്കി.
'ഗുവാഹത്തിയിൽ നടന്ന മത്സരത്തിന് ഇതിലും കൂടുതലായിരുന്നു നിരക്ക്. 2019 ഡിസംബറിൽ നടന്ന ഇന്ത്യ വെസ്‌റ്റ് ഇൻഡീസ് 20–20 മത്സരത്തിൽ 24 ശതമാനമായിരുന്നു നികുതി. ഒരോ തവണയും വ്യത്യസ്‌തമായ രീതിയിലാണ് ഇളവ് കൊടുത്തത്.
ഈ വസ്‌തുത മറച്ചുവച്ച് വിവാദമുണ്ടാക്കുകയാണ്. ഇത് ഭാവിയിൽ സംസ്ഥാനത്തിന് മത്സരങ്ങൾ കിട്ടാനുള്ള സാധ്യത ഇല്ലാതാക്കും. ഇത്തരം പ്രചാരണങ്ങളിൽ നിന്ന് എല്ലാവരും പിന്മാറണം'. കായിക മന്ത്രി എന്താണുദ്ദേശിച്ചതെന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ടെന്നും നെറിയില്ലാത്ത മാധ്യമ പ്രചാരണം അവസാനിപ്പിക്കണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.