പാലക്കാട്: ജില്ലയിലെ മികച്ച കർഷകനുള്ള ഹരിത മിത്ര അവാർഡ് കോട്ടായി അയ്യംകുളം സ്വദേശി രാമകൃഷ്ണൻ ഏറ്റുവാങ്ങി. വൈദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടിയാണ് അവാർഡ് വിതരണം ചെയ്‌തത്. അമ്പത്തിമൂന്ന്കാരനായ രാമകൃഷ്ണൻ എട്ടാം ക്ലാസ് പഠനം പാതിവഴിയിൽ ഉപേക്ഷിച്ചാണ് കൃഷിയിലേക്കിറങ്ങിയത്. പിന്നിട്ട പാതയിൽ രാമകൃഷ്‌ണന്‍ കൈവരിച്ച നേട്ടങ്ങൾ നിരവധിയാണ്.
അഞ്ചേക്കറില്‍ പച്ചക്കറി കൃഷി: തുടക്കത്തിൽ രണ്ടേക്കർ സ്ഥലം പാട്ടത്തിനെടുത്താണ് കൃഷി ആരംഭിച്ചത്. ഇന്ന് സ്വന്തമായി രണ്ടര ഏക്കര്‍ സ്ഥലം സ്വന്തമാക്കാനും രാമകൃഷ്‌ണനായി. അതോടൊപ്പം രണ്ടര ഏക്കർ സ്ഥലം പാട്ടത്തിനെടുത്തും നിലവില്‍ കൃഷി ചെയ്യുന്നു. ഇതിൽ സ്വന്തം സ്ഥലത്ത് കുക്കുംബർ, പടവലങ്ങ, ചീര, വള്ളിപ്പയർ, വാഴ എന്നീ കൃഷികൾ ചെയ്യുന്നു.
പാട്ടത്തിനു എടുത്ത സ്ഥലത്ത് വാഴ, വള്ളിപ്പയർ, കുമ്പളം, മത്തൻ തുടങ്ങിയ കൃഷികളും ചെയ്യുന്നു. രാസ കീടനാശിനി ഉപയോഗിക്കാതെ കൃഷി ചെയ്യുന്നു എന്നതാണ് പ്രത്യേകത. കൃഷിക്കാവശ്യമായതും പുറമേ കൊടുക്കാനും ആയിട്ടുള്ള ജൈവ കീടനാശിനി സ്വന്തമായി ഉണ്ടാക്കുകയും വിൽപ്പന നടത്തുകയും ചെയ്യുന്നുണ്ട്. ജില്ലയിലെ മിക്ക കൃഷിഭവനുകളിൽ പോയി ജൈവകീടനാശിനി സംബന്ധിച്ച് ക്ലാസ് എടുക്കാറുണ്ട്.
കാർഷികമേഖലയിൽ വൈദഗ്ധ്യം നേടിയ രാമകൃഷ്ണൻ 2000 മുതലാണ് മികച്ച കർഷകനുള്ള അവാർഡുകൾ വാങ്ങുവാൻ തുടങ്ങിയത്. രണ്ടായിരത്തിൽ കോട്ടായി പഞ്ചായത്തിലെ മികച്ച കർഷകനുള്ള (കേരള ഹോൾട്ടി കൾച്ചറൽ ആൻഡ് ഡെവലപ്മെന്‍റ് പ്രോഗ്രാം) അവാർഡ് കരസ്ഥമാക്കി. 2006 - 07 വർഷത്തിൽ ജില്ലയിലെ മികച്ച കർഷകനുള്ള ഹരിതകീർത്തി അവാർഡും അതേ വർഷം തന്നെ കുഴൽമന്ദം ബ്ലോക്കിലെ മികച്ച കർഷകനുള്ള അവാർഡും തേടിയെത്തി.
also read: സഹജീവി സ്നേഹത്തിന് മലയാളി മാതൃകയെന്ന് പ്രധാനമന്ത്രി; മുപ്പത്തടം നാരായണന് അഭിനന്ദനം
2017 -18 ൽ സരോജിനി ദാമോദരൻ ഫൗണ്ടേഷൻ ഏർപ്പെടുത്തിയ അക്ഷയശ്രീ അവാർഡ് (സ്വകാര്യ വ്യക്തിയുടെ പേരിൽ മികച്ച കർഷകന് കൊടുക്കുന്ന അവാർഡ്) രാമകൃഷ്ണന് ലഭിച്ചിരുന്നു.2019 - 20 വർഷത്തിൽ പാലക്കാട് ജില്ലയിൽ ഓണത്തിന് ഒരു മുറം പച്ചക്കറി കൃഷിയിൽ ജില്ലയിൽ ഒന്നാം സ്ഥാനം നേടി. 2021 22 വർഷത്തിലെ ജില്ലയിലെ മികച്ച കർഷകനുള്ള അവാർഡും (ഹരിത മിത്ര ), സംസ്ഥാന തലത്തിൽ രണ്ടാം സ്ഥാനവുമാണ് രാമകൃഷ്ണൻ നേടിയത്.
കാർഷിക മേഖലയിൽ ഇത്രയധികം നേട്ടം കൈവരിക്കാൻ സഹായകരമായത് അമ്മ തങ്കമ്മയുടെ നിർലോഭമായ സഹകരണവും പിന്തുണയുമാണ്. അതോടൊപ്പം ഭാര്യ ബിന്ദു, മക്കളായ ഐശ്വര്യ, രാജേഷ്, രമ്യ എന്നിവരും അച്ഛനെ (രാമകൃഷ്ണൻ) സഹായിക്കാൻ എന്നും കൂടെയുണ്ട്.