പാലക്കാട്: മാവോയിസ്റ്റ് നേതാവ് ശ്രീമതിയെ മാർച്ച് 26 വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. കോയമ്പത്തൂർ ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയുടേതാണ് ഉത്തരവ്. ബുധനാഴ്‌ച രാവിലെയാണ് ശ്രീമതിയെ ആനക്കട്ടിക്കടുത്ത് വെച്ച് തമിഴ്‌നാട് ക്യൂബ്രാഞ്ച് പൊലീസ് പിടികൂടിയത്.
ഇക്കഴിഞ്ഞ ഒക്ടോബർ അവസാനം അട്ടപ്പാടിയിലെ മഞ്ചിക്കണ്ടിയിൽ പൊലീസുമായുള്ള ഏറ്റുമുട്ടലിൽ ശ്രീമതിയും ഉണ്ടായിരുന്നു. അന്ന് കൊല്ലപ്പെട്ടവരിൽ ഒരാൾ ശ്രീമതിയാണെന്ന് പൊലീസ് പറഞ്ഞിരുന്നു. എന്നാല്‍ കർണാടകയിലെ ചിക്കമംഗളൂരുവിൽ നിന്ന് ശ്രീമതിയുടെ ബന്ധുക്കൾ എത്തിയെങ്കിലും അവർക്ക് ശ്രീമതിയെ തിരിച്ചറിയാനായില്ല. ഇതേതുടര്‍ന്നാണ് ശ്രീമതി രക്ഷപ്പെട്ടുവെന്ന് പൊലീസ് ഉറപ്പിച്ചത്. ശ്രീമതിയുടെ കൂട്ടാളിയായ ദീപകിനെ ഏറ്റുമുട്ടലിന് ശേഷം ആനക്കട്ടിക്കടുത്ത് വെച്ച് തന്നെ പൊലീസ് പിടികൂടിയിരുന്നു. ശ്രീമതിക്കെതിരെ കേരളത്തിൽ കോഴിക്കോടും അടപ്പാടിയിലുമടക്കം നിരവധി കേസുകളുണ്ട്.