പാലക്കാട്: കൊല്ലങ്കോട് എലവഞ്ചേരി മഞ്ഞപ്പാറയിലെ മദ്ദള കലാകാരൻ കലാമണ്ഡലം കുമാരന്‍റെ വീട് കത്തിനശിച്ചു. ഒരു മദ്ദളവും , രണ്ട് ചെണ്ടയും ഉൾപ്പെടെയുള്ള വീട്ടുപകരണങ്ങളും പൂർണമായും കത്തിനശിച്ചു . കുമാരൻ ഭക്ഷണം പാചകം ചെയ്യുന്നതിനിടെ ഗ്യാസ് സ്റ്റൗവില്‍ നിന്ന് തീ പടരുകയായിരുന്നു.
കുമാരൻ അടുക്കളയിൽ നിന്ന് പുറത്തേക്ക് ഓടി രക്ഷപ്പെടുകയായിരുന്നു .ഇന്നലെ ഉച്ചയ്ക്ക് മൂന്ന് മണിക്കായിരുന്നു സംഭവം. സമീപവാസികൾ തീ അണക്കാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. ഫയർ ഫോഴ്‌സ് എത്തിയാണ് തീ അണച്ചത്.
തീപ്പിടുത്തത്തില്‍ 10 ലക്ഷം രൂപയോളം നാശനഷ്ടം ഉണ്ടായി. അടുക്കള ജോലിയിൽ പരിചയമില്ലാത്ത കുമാരൻ ഗ്യാസ് സ്റ്റൗ ഉപയോഗിച്ച് പാചകം ചെയ്യാൻ ശ്രമിച്ചതാണ് അപകടത്തിന്ന് കാരണമെന്ന് കരുതുന്നു. മേളത്തിന് പോയും , രണ്ട് ചെണ്ട വാടകക്ക് കൊടുത്തും , മേളം ഇല്ലാത്ത സമയത്ത് ഓട്ടോറിക്ഷ ഓടിച്ചുമാണ് കുമാരന്‍ ഉപജീവനം നടത്തുന്നത്. കലാമണ്ഡലത്തിലെ പഠന കാലം മുതൽ തൻ്റെ സന്തത സഹചാരിയായ മദ്ദളം കത്തിനശിച്ചത് കുമാരനെ ഏറെ ദുഖിതനാക്കി .
ALSO READ: വടക്കഞ്ചേരി അപകടം; യുവാക്കളുടെ മരണത്തിൽ സമഗ്ര അന്വേഷണം വേണമെന്ന് കുടുംബങ്ങൾ