പാലക്കാട്: പാലക്കാട് ആര്‍എസ്എസ് പ്രവര്‍ത്തകന്‍റെ കൊലപാതകവുമായി ബന്ധപ്പെട്ട് എസ്‌ഡിപിഐ-പോപ്പുലര്‍ ഫ്രണ്ട് ഓഫീസുകളിലും പ്രവര്‍ത്തകരുടെ വീടുകള്‍ കേന്ദ്രീകരിച്ചും അന്വേഷണസംഘം ഇന്ന് (24 ഏപ്രില്‍ 2022) പരിശോധന നടത്തി. കൊലപാതക കേസിലെ പ്രധാന പ്രതികള്‍ ഒളിവില്‍ കഴിയുന്ന സാഹചര്യത്തിലാണ് അന്വേഷണസംഘത്തിന്‍റെ ഇടപെടല്‍. തൃത്താല, പട്ടാമ്പി മേഖലയിലെ ഞാങ്ങാട്ടിരി, ചാലിപ്പുറം, ആമയൂർ, ശങ്കരമംഗലം, കൊടലൂർ, കാരക്കാട് പാറപ്പുറം പ്രദേശങ്ങളിലാണ് ഇന്ന് പരിശോധന നടത്തിയത്.
അതിനിടെ, ശ്രീനിവാസന്‍ കൊലപാതക കേസില്‍ രണ്ട് പേര്‍ കൂടി പിടിയിലായി. ആര്‍എസ്എസ് പ്രവര്‍ത്തകനെ വെട്ടിക്കൊലപ്പെടുത്തിയ ആറംഗ സംഘത്തിൽ ഇരുചക്രവാഹനമോടിച്ച പോപ്പുലർഫ്രണ്ട് പ്രവർത്തകരായ ഇക്‌ബാൽ, ഗൂഢാലോചനയിൽ പങ്കെടുത്ത ഫയാസ് എന്നിവരുടെ അറസ്റ്റാണ് ടൗൺ സൗത്ത് പൊലീസ് രേഖപ്പെടുത്തിയത്. പാലക്കാട് നഗരത്തിലുള്ളവര്‍ക്ക് പുറമെ പട്ടാമ്പിയിൽ നിന്നുള്ളവരും കൊലപാതകത്തിൽ പങ്കെടുത്തിട്ടുണ്ടെന്നാണ് അന്വേഷണസംഘത്തിന് ലഭിച്ച വിവരം.
കൂടുതല്‍ പേരെ കസ്‌റ്റഡിയിലെടുത്ത് ചോദ്യം ചെയ്യല്‍ പുരോഗമിക്കുകയാണ്. കേസില്‍ ഒന്‍പത് പേരാണ് ഇതുവരെ പൊലീസ് പിടിയിലായത്. കൂടുതല്‍ പ്രതികള്‍ വരും ദിവസങ്ങളില്‍ അറസ്‌റ്റിലാകുമെന്ന് ഉത്തരമേഖല ഐജി അശോക് യാദവ് മാധ്യമങ്ങളോട് പറഞ്ഞു.