പാലക്കാട്: ഷോളയൂർ ഏലമലക്കടുത്ത് ശിരുവാണിയിൽ പ്രവർത്തിക്കുന്ന ഭവാനി ഗ്രൂപ്പ് എസ്റ്റേറ്റിലെ തൊണ്ണുറോളം അതിഥി തൊഴിലാളികളെ പുറത്താക്കിയതായി പരാതി. തേയില തോട്ടത്തിലെ തൊഴിലാളികളായിരുന്ന ജാര്‍ഖണ്ഡ് സ്വദേശികളാണ് ജോലി നഷ്‌ടപ്പെട്ടതിനെ തുടർന്ന് പെരുവഴിയിലായത്. തിരികെ നാട്ടിലേക്ക് പോകാൻ എസ്റ്റേറ്റിന് പുറത്തിറങ്ങിയ തൊഴിലാളികൾ ഏലമലയിലെ ഉൾപ്രദേശത്ത് ശനിയാഴ്‌ച രാത്രി വൈകിയും വാഹനത്തിനായി കാത്തിരുന്നു.
ഉൾപ്രദേശമായതിനാൽ നേരം പുലർന്നാലേ വാഹനം ലഭിക്കുകയുള്ളൂ. എന്നാൽ ഒരു തൊഴിലാളിയേയും പുറത്താക്കിയിട്ടില്ലെന്ന് എസ്റ്റേറ്റ് മാനേജ്മെന്‍റ് അധികൃതർ അറിയിച്ചു. രണ്ട് ദിവസം മുമ്പ് രണ്ടാം ഷിഫ്റ്റിൽ വൈകി എത്തിയ അഞ്ച് പേരെ ടീ മേക്കർ ശാസിച്ചിരുന്നു. ഇതിൽ പ്രതിഷേധിച്ച് ജാർഖണ്ഡില്‍ നിന്നും എത്തിയ തൊഴിലാളികൾ പിറ്റേദിവസം ജോലിക്കിറങ്ങിയില്ല.
ഇതുവരെയുള്ള ശമ്പള കുടിശിക ഉടൻ വേണമെന്നും നാട്ടിലേക്ക് മടങ്ങണമെന്നും തൊഴിലാളികളാണ് ആവശ്യപ്പെട്ടത്. ബാങ്ക് അക്കൗണ്ട് വഴിയല്ല പണം നേരിട്ട് വേണമെന്നും അവർ ആവശ്യപ്പെട്ടു. ഇതേ തുടർന്ന് ശനിയാഴ്‌ച രാവിലെ 10ന് തന്നെ ശമ്പളം തീർത്ത് നൽകിയെന്നും മാനേജ്മെന്‍റ് അറിയിച്ചു.
40 തൊഴിലാളികൾ എസ്റ്റേറ്റിൽ തുടരുന്നുണ്ട്. ജോലി അവസാനിപ്പിച്ച 90 പേരിൽ ചിലർ നേരത്തെ തന്നെ കോയമ്പത്തൂരിൽ നിന്നും നാട്ടിലേക്ക് മടങ്ങി. എസ്റ്റേറ്റിൽ നിന്നും വൈകിയിറങ്ങിയവരാണ് വാഹനം ലഭിക്കാതെ വഴിയിൽ കുടുങ്ങിയത്.