പാലക്കാട്: ജില്ലയിൽ ജലസംരക്ഷണ പ്രവർത്തനങ്ങൾക്ക് നൂതന പദ്ധതികള്‍ ആവിഷ്‌കരിച്ച് ജില്ല പഞ്ചായത്ത്. ശ്രീകൃഷ്‌ണപുരം ബ്ലോക്കിൽ കരിമ്പുഴ പുഴയിലെ കാഞ്ഞിരായി കടവിൽ ഗോവൻ മാതൃകയിൽ തടയണ നിർമിക്കും. ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി ജില്ല പഞ്ചായത്ത് ഒരു കോടി ഏഴുലക്ഷം രൂപയാണ് തടയണ നിര്‍മാണത്തിനായി വകയിരുത്തിയത്.
ജില്ലയിൽ കരിമ്പുഴയിലാണ് പൈലറ്റ് പ്രോജക്‌ടായി പദ്ധതി നടപ്പാക്കുന്നത്. ജില്ല മൈനർ ഇറിഗേഷൻ വകുപ്പാണ് നിർവഹണ ഏജൻസി. തുക ഇതിനകം മൈനർ ഇറിഗേഷൻ ഡിപ്പാർട്മെന്‍റിന് കൈമാറി. ഒരു കോടി രൂപ തടയണ നിർമാണത്തിനും ഏഴുലക്ഷം രൂപ ഇൻവെസ്റ്റിഗേഷനുമായാണ് വകയിരുത്തിയിരിക്കുന്നത്.
ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് കെ ബിനുമോൾ, ജില്ലാ പഞ്ചായത്ത് അംഗം കെ ശ്രീധരൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് സുനിത ജോസഫ്, കരിമ്പുഴ പഞ്ചായത്ത് പ്രസിഡന്‍റ് ഉമ്മർ കുന്നത്ത് എന്നിവർ സ്ഥലം സന്ദർശിച്ച് ഇൻവെസ്റ്റിഗേഷന് തുടക്കം കുറിക്കും. രണ്ടു കോടിയിലധികം ചെലവുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ബാക്കി തുക ജില്ലാ പഞ്ചായത്ത് ബഹുവർഷ പ്രോജക്‌ടിലൂടെ കണ്ടെത്താനാണ് ലക്ഷ്യമിടുന്നത്.