പാലക്കാട്: ചന്ദനമരം മുറിച്ച് കടത്താൻ ശ്രമിച്ച അഞ്ച് പേര്‍ വനപാലകരുടെ പിടിയില്‍. ഒറ്റപ്പാലം തൃക്കടീരി സ്വദേശി രജ്ഞിത് (31), വറോഡ് സ്വദേശി മുഹമ്മദ് ഫവാസ് (20), കോട്ടത്തറ ഊമപ്പടിക ഊരിലെ രങ്കസ്വാമി (34), കൽക്കണ്ടിയൂരിലെ വിനോദ് (26), കോട്ടമലയ്ക്കടുത്ത് ചുണ്ടക്കുളം ഊരിലെ ശെൽവൻ (38) എന്നിവരാണ് പിടിയിലായത്. നെല്ലിയാമ്പതി ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിലെ കോട്ടമല വനത്തിലെ മലയടിവാരത്ത് നിന്നാണ് സംഘം ചന്ദനം മുറിച്ച് കടത്താന്‍ ശ്രമിച്ചത്.
ചന്ദനമരങ്ങൾ മോഷണം പോയതിനെ തുടര്‍ന്ന് മേഖലയില്‍ ഏര്‍പ്പെടുത്തിയ രഹസ്യ നിരീക്ഷണത്തിലാണ് സംഘം പിടിയിലായത്. ചന്ദന മരങ്ങള്‍ മുറിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ സംഘത്തെ പിടികൂടിയത്. കോട്ടമലയിൽനിന്ന് ഒമ്പത് മരങ്ങൾ മുറിച്ചിട്ടുണ്ടെന്നും 15 കിലോ ചന്ദനം കടത്തിയിട്ടുണ്ടെന്നും സംഘം പറഞ്ഞതായി വനം ഉദ്യോഗസ്ഥർ പറഞ്ഞു.
ഒമ്മല ഡെപ്യൂട്ടി റേഞ്ച് ഓഫീസർ ജയേന്ദ്രൻ, സെക്ഷൻ ഫോറസ്റ്റ് ഓഫീസർ ഷാജഹാൻ, ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ സുമേഷ്, സുരേന്ദ്രൻ, സുധീർ, ഫോറസ്റ്റ് വാച്ചർമാരായ മൂർത്തി, രാമകൃഷ്ണൻ, മാരിമുത്തു, സന്തോഷ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
also read: പാലക്കാട് പെട്രോള്‍ പമ്പില്‍ കവര്‍ച്ച ; മോഷ്‌ടാവ് അകത്തുകടന്നത് പൂട്ടുതകര്‍ത്ത്