പാലക്കാട് : ചുട്ടിപ്പാറയിൽ മൂന്ന് വയസുകാരനെ ഉമ്മ ആസിയ കൊലപ്പെടുത്തിയത് ഷാൾ ഉപയോഗിച്ച് കഴുത്ത് ഞെരിച്ചും ശ്വാസം മുട്ടിച്ചെന്നും പൊലീസ്. സമൂഹമാധ്യമം വഴി അടുപ്പത്തിലായ കാമുകനൊപ്പം ജീവിക്കാനായി മകനെ ഒഴിവാക്കാനാണ് കൊലപാതകം നടത്തിയതെന്നാണ് ആസിയ പൊലീസിന് നൽകിയ മൊഴി. പ്രതിയെ ബുധനാഴ്ച രാവിലെ വീട്ടില്‍ തെളിവെടുപ്പിന് എത്തിച്ചു.
പിന്നീട് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. സംഭവത്തിൽ കാമുകനോ മറ്റ് ബന്ധുക്കൾക്കോ പങ്കില്ലെന്നും കൊലപാതകം ആസൂത്രണം ചെയ്തത് ആസിയ ഒറ്റയ്ക്കാണെന്നും കസബ ഇൻസ്പെക്ടർ എൻഎസ് രാജീവ് അറിയിച്ചു.
കൊലയ്‌ക്ക് ശേഷം നിലവിളി നാടകം : ചൊവ്വാഴ്ച രാവിലെ ഏഴരയോടെയാണ് മണിയേരി മുഹമ്മദ് ഷമീറിന്‍റെയും ചുട്ടിപ്പാറ ആസിയയുടെയും മകൻ മുഹമ്മദ് ഷാൻ (3) കൊല്ലപ്പെട്ടത്. ഉറങ്ങിക്കിടന്ന കുട്ടിയെയാണ് ആസിയ കൊലപ്പെടുത്തിയത്. കൊലപാതക ശേഷം വീട്ടുകാരെ തെറ്റിദ്ധരിപ്പിക്കാനായി കുട്ടി എഴുന്നേല്‍ക്കുന്നില്ലെന്ന് പറഞ്ഞ് നിലവിളിച്ച് പുറത്തേക്ക് ഓടി. ഇതോടെ ഓടിക്കൂടിയ ബന്ധുക്കളും നാട്ടുകാരും ചേർന്ന് കുട്ടിയ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു.
ആസിയയുടെ പെരുമാറ്റത്തിൽ സംശയം തോന്നിയതോടെ ബന്ധുക്കൾ പരാതി നൽകി. തുടർന്ന് ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചു. കൊലപ്പെടുത്താൻ ഉപയോഗിച്ച ഷാളും ഇതിലുണ്ടായ രക്തക്കറയും പൊലീസ് കണ്ടെത്തി. ഡിവൈഎസ്‌പി പിസി ഹരിദാസ്, ഇൻസ്പെക്ടർ എസ്‌എസ് രാജീവ്, എസ്ഐ എസ്.അനീഷ് എന്നിവരുടെ നേതൃത്വത്തിലാണ് കേസ് അന്വേഷിച്ചത്.
കേൾവി തകരാറും സംസാര വൈകല്യവുമുള്ള ഭർത്താവിൽ നിന്ന് ഒരു വർഷത്തോളമായി അകന്നാണ് ആസിയ കഴിഞ്ഞിരുന്നത്. ഇവരുടെ സുഹൃത്തിനെ പൊലീസ് ചോദ്യം ചെയ്തു. ഇയാൾക്ക് കൊലപാതകത്തിൽ പങ്കില്ലെന്നും കേസെടുക്കില്ലെന്നും അന്വേഷണ സംഘം അറിയിച്ചു.
also read: ശ്യാമൾ മണ്ഡൽ കൊലക്കേസ് : രണ്ടാം പ്രതി മുഹമ്മദ് അലിക്ക് ഇരട്ട ജീവപര്യന്തവും പിഴയും
ഉന്നത ഉദ്യോഗസ്ഥരോട് മാത്രമേ സംസാരിക്കാൻ തയ്യാറാവൂവെന്ന് ആസിയ അറിയിച്ചതിനെ തുടർന്ന് ഡിവൈഎസ്‌പി പിസി ഹരിദാസ് സ്ഥലത്തെത്തിയാണ് ചോദ്യം ചെയ്യല്‍ പൂര്‍ത്തിയാക്കിയത്. ആദ്യം പല അടവുകളും പറഞ്ഞ് കൊലപാതകം നടത്തിയിട്ടില്ലെന്ന് വാദിച്ചെങ്കിലും ഒടുവില്‍ കുറ്റം സമ്മതിക്കുകയായിരുന്നു.