പാലക്കാട്: വാളയാർ വടശേരി മോഴമണ്ഡപം മലയിലുണ്ടായ കാട്ടുതീ അണയ്ക്കാനുള്ള ശ്രമം മൂന്നാം ദിവസവും തുടരുന്നു. തീ പിടിത്തമുണ്ടായി മൂന്ന് ദിവസം പിന്നിട്ടിട്ടും പൂർണമായും നിയന്ത്രിക്കാനായിട്ടില്ല. വനം വകുപ്പ് തിങ്കളാഴ്ച കൂടുതൽ ജീവനക്കാരെ രക്ഷാപ്രവർത്തനത്തിനായി എത്തിച്ചു. ആദിവാസികളും തീയണയ്‌ക്കാനുള്ള ദൗത്യത്തിലുണ്ട്.
സെക്ഷൻ ഫോറസ്റ്റ് ഓഫീസർ എം ബാദുഷയുടെ നേതൃത്വത്തിൽ വനപാലകർ വടശേരിമലയിൽ ക്യാമ്പ് ചെയ്താണ് രക്ഷാപ്രവർത്തനം നടത്തുന്നത്. തിങ്കളാഴ്ച ഫയർ ലൈൻ, ഫയർബ്രേക്ക് തുടങ്ങിയ സംവിധാനം ഉപയോഗിച്ച് തീ മലയടിവാരത്തേക്ക് പടരുന്നത് തടഞ്ഞു. ചൊവ്വാഴ്ചയോടെ തീ പൂർണമായും നിയന്ത്രണ വിധേയമാക്കാനാണ് വനം വകുപ്പിന്‍റെ ശ്രമം.
Also Read: പകല്‍ കത്തുന്ന ചൂട്, രാവിലെ കനത്ത മൂടല്‍മഞ്ഞ്: പാലക്കാട്ടെ കാലാവസ്ഥ പ്രവചനാതീതം
അന്തരീക്ഷത്തിലെ ചൂട് കനത്തതും രക്ഷാപ്രവർത്തനത്തിന് വെല്ലുവിളിയായി. ശനിയാഴ്ച വൈകിട്ടോടെയാണ് വടശേരിമലയിൽ തീ പിടിച്ചത്. ഇവിടെനിന്ന് മോഴമണ്ഡപം മലയിലേക്ക് തീ വ്യാപിച്ചു. ഇതിനോടകം നൂറുകണക്കിന് മരങ്ങളും വന്യജീവികളും തീപിടിത്തത്തിൽ നശിച്ചെന്നാണ് വനം വകുപ്പിന്‍റെ പ്രാഥമിക നിഗമനം. വന്യമൃഗങ്ങൾ ജനവാസ മേഖലകളിലേക്ക് ഇറങ്ങുന്നത് തടയാൻ കൂടുതൽ വനം വകുപ്പ് വാച്ചർമാരെ വിവിധ പ്രദേശങ്ങളിൽ നിയോഗിച്ചിട്ടുണ്ട്.