പാലക്കാട്: എടത്തനാട്ടുകരയിലെ ഒരു വോളിബോൾ മത്സരമാണിപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്.വൈറലാകാൻ കാരണം മറ്റൊന്നുമല്ല, കുട്ടികൾക്കൊപ്പം ഇവിടെ വോളിബോൾ കളിക്കുന്നത് ഒരു നായയാണ്. വിദ്യാർഥിയായ മുബീന്‍റെയാണ് ലാബ്രഡോർ ഇനത്തിൽ പെടുന്ന സീസർ എന്ന നായ. ലോക്ക് ഡൗൺ കാലത്ത് മൈതാനത്തും മറ്റും കളി നിരോധിച്ചപ്പോൾ മുബീനും കൂട്ടുകാരും കണ്ടെത്തിയ വഴിയാണ് തോട്ടിലെ വോളിബോൾ കളി. കളിക്കാൻ പോകുമ്പോഴൊക്കെ സീസറും ഒപ്പം വരും. പതിയെ സീസറും കളി പഠിച്ചു തുടങ്ങി.
വലയ്ക്ക് അപ്പുറവും ഇപ്പുറവും സീസറിന് ഒരുപോലെയാണ്. പന്ത് ഉയർന്നുവരുമ്പോൾ വലയ്ക്ക് അപ്പുറം ചാടി കടന്നും സീസർ അടിച്ചു തെറിപ്പിക്കും. ചിലപ്പോൾ കടിച്ചെടുത്തു കൊണ്ട് സ്ഥലം വിട്ടുവെന്നുമിരിക്കും. സീസറിന് തോന്നുമ്പോഴൊക്കെ പന്ത് കയ്യിൽ കിട്ടണം. ഇല്ലെങ്കിൽ കുരച്ച് ബഹളം ഉണ്ടാകും. എന്തായാലും കക്ഷിക്ക് ഒപ്പമുള്ള കളി മുബീനും കൂട്ടുകാർക്കും പിടിച്ച മട്ടാണ്. സോഷ്യൽ മീഡിയയിൽ താരം ആയതോടെ സീസറിന് ഒപ്പം കളിക്കാൻ നിരവധി കൂട്ടുകാരാണ് എടത്തനാട്ടുകരയിലെ തോട്ടിൽ ഒത്തുകൂടുന്നത്.