പാലക്കാട്: അഗ്നിരക്ഷ സേനയുടെ ലൈസൻസില്ലാത്തതിനെ തുടർന്ന് നഗരസഭ പൂട്ടിച്ച സിനിമ തിയേറ്റർ തുറക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് നടത്തിയ സമരം തിയേറ്റർ ഉടമയിൽ നിന്ന് കോഴ വാങ്ങിയാണെന്ന് ആരോപണം. ചൊവ്വാഴ്‌ചയാണ് കോൺഗ്രസ് കൗൺസിലർമാരുടെ നേതൃത്വത്തിൽ തിയേറ്റർ തുറക്കണമെന്നും സിനിമ വ്യവസായം സംരക്ഷിക്കണമെന്നും ആവശ്യപ്പെട്ട് നഗരസഭയ്‌ക്കു മുന്നിൽ യൂത്ത് കോൺഗ്രസ് സമരം നടത്തിയത്.
ഇതിന് കൗൺസിലർമാർക്ക് 5,000 രൂപ വീതം ഒരു യുവ കൗൺസിലർ ഗൂഗിൾ പേ വഴി നൽകിയെന്നാണ് ആരോപണം. സമരത്തിനു ശേഷം കിട്ടിയ തുക ചിലർ തിരിച്ചു നൽകിയെന്നും പറയുന്നു. ആരോപണം നഗരസഭയിലെ യുഡിഎഫിൽ വൻവിവാദത്തിനാണ് തിരികൊളുത്തിയത്.
ബുധനാഴ്‌ച വൈകിട്ട് നടന്ന യുഡിഎഫ് യോഗത്തിൽ വിഷയം പഠിക്കാതെ സമരത്തിനിറങ്ങി പുറപ്പെടുന്ന യൂത്ത് കോൺഗ്രസിനെതിരെ വിമർശനമുയർന്നു. യോഗത്തിൽ തുക തിരികെ നൽകിയവർ വിഷയം ഉന്നയിക്കാൻ ശ്രമിച്ചെങ്കിലും നേതൃത്വം ഇടപെട്ട് തടഞ്ഞു.
എന്നാൽ യൂത്ത് കോൺഗ്രസിന്‍റെ സമരത്തെെ എതിർത്ത് യുഡിഎഫിലെ ഘടകകക്ഷിയായ മുസ്ലീം ലീഗ് രംഗത്ത് വന്നിരുന്നു. തിയേറ്റർ അടപ്പിച്ച നടപടിയെ അഭിനന്ദിച്ചും ഉദ്യോഗസ്ഥർക്ക് അഭിവാദ്യമർപ്പിച്ചും ലീഗ് നേതൃത്വം അതേ ദിവസം തിയേറ്ററിനു മുന്നിൽ സമരം നടത്തി. ഇതോടെ കാലങ്ങളായി പാലക്കാട് യുഡിഎഫിലുള്ള അസ്വാരസ്യങ്ങളാണ് മറനീക്കി പുറത്തുവന്നത്.
നേരത്തേയും കോൺഗ്രസിനെതിരെ കോഴ ആരോപണം ഉയർന്നിരുന്നു. ബിജെപിയിലെ ഗ്രൂപ്പ് വഴക്കിനെ തുടർന്ന് ചെയർപേഴ്‌സണെതിരെ കോൺഗ്രസ് കൗൺസിലർമാർ സമരം നടത്തിയത് ബിജെപി സംസ്ഥാന നേതാവിൽ നിന്ന് കോഴവാങ്ങിയായിരുന്നു എന്നാണ് നേരത്തെ ഉയർന്ന ആരോപണം. ഇപ്പോൺ തിയേറ്റർ ഉടമയിൽ നിന്ന് കോഴ വാങ്ങിയെന്ന ആരോപണം വന്നതോടെ നേരത്തേയുള്ള ആരോപണങ്ങളും ശരിയായിരുന്നുവെന്നാണ് പ്രവർത്തകർ പറയുന്നത്.