പാലക്കാട്: ഫുട്ബോൾ പ്രേമികളെ നിരാശരാക്കി ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ കൂറ്റൻ കട്ടൗട്ട് കാറ്റിൽ നിലംപൊത്തി. കൊല്ലങ്കോട് ഫിൻമാർട്ട് അങ്കണത്തിൽ ഉയർത്തിയ 120 അടി ഉയരവും 50 അടി വീതിയുമുള്ള കട്ടൗട്ടാണ് വ്യാഴാഴ്‌ച ഉച്ചയോടെ ശക്തമായി ചുഴറ്റിയടിച്ച കാറ്റിൽ തകർന്നത്. കട്ടൗട്ട് സ്ഥാപിക്കാനുപയോഗിച്ച അലൂമിനിയം ചട്ടം വളഞ്ഞ് കഷണങ്ങളായി.
കഴിഞ്ഞ ശനിയാഴ്‌ച (26-11-2022) രാത്രിയാണ് ക്രിസ്റ്റ്യാനോയുടെ കട്ടൗട്ട് കൊല്ലങ്കോട് ഫിൻമാർട്ട് അങ്കണത്തിൽ ഉയർന്നത്. 25 തൊഴിലാളികൾ ഒരാഴ്‌ചയെടുത്താണ് കട്ടൗട്ടിന്‍റെ തൂണുകൾ സ്ഥാപിച്ചത്. നൂറുകണക്കിന് ഫുട്ബോൾ പ്രേമികളാണ് ഓരോ ദിവസവും കട്ടൗട്ട് കാണാനായും ഫോട്ടോയെടുക്കാനായും ഇവിടേക്ക് എത്തിക്കൊണ്ടിരുന്നത്.
ദിവസവും വൈകിട്ട് കായികപ്രേമികൾക്കായി വിവിധ കലാപരിപാടികളും ഇവിടെ നടത്തിവന്നിരുന്നു. അതേസമയം കട്ടൗട്ട് പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചിട്ടുണ്ടെന്നും വൈകാതെ തന്നെ കട്ടൗട്ടിനെ പൂർവസ്ഥിതിയിലെത്തിക്കുമെന്നും ആരാധകർ അറിയിച്ചു.