പാലക്കാട്: അട്ടപ്പാടിയിലെ പ്രധാന ജലസ്രോതസുകളിൽ ഒന്നായ ശിരുവാണി പുഴ മാലിനമാക്കുന്നതായി പരാതി. തമിഴ്‌നാടുമായി അതിർത്തി പങ്കിടുന്ന പ്രദേശമായ അട്ടപ്പാടിയിലെ ആനക്കട്ടി പ്രദേശത്ത് കൂടിയാണ് ശിരുവാണി പുഴ ഒഴുകുന്നത്. പുഴയുടെ പാലത്തിനപ്പുറം തമിഴ്‌നാടും ഇപ്പുറം കേരളവുമാണ്. കുറുകെയൊഴുകുന്ന ശിരുവാണി പുഴയാണ് ഇരു സംസ്ഥാനങ്ങളെയും തമ്മിൽ വേർതിരിക്കുന്നത്.
എന്നാൽ പാലത്തിനപ്പുറമുള്ള തമിഴ്‌നാട്ടിലെ ആനക്കട്ടി ടൗണിൽ നിന്നുള്ള മാലിന്യം മുഴുവനും ഈ പുഴയിലേക്കാണ് നിഷേപിക്കുന്നത്. പുഴ ഒഴുകി എത്തുന്നത് കേരളത്തിലേക്കാണ്. അട്ടപ്പാടിയിലെ നിരവധി ആദിവാസി ഊരുകളിലൂടെ ശിരുവാണി പുഴ ഒഴുകുന്നുണ്ട്. ഈ പ്രദേശങ്ങളിൽ താമസിക്കുന്നവർക്കുള്ള ചരുക്കം ജലസ്രോതസുകളിൽ ഒന്നാണ് ഇങ്ങനെ മാലിന്യം കൊണ്ട് നിറയുന്നത്. മിക്ക ഊരുകളിലും താമസിക്കുന്നവർ കുടിക്കാനും കുളിക്കാനും ഈ പുഴയിലെ വെള്ളമാണ് ഉപയോഗിക്കുന്നത്. അട്ടപ്പാടി പോലെ ജലക്ഷാമം നേരിടുന്ന പ്രദേശത്ത് പുഴ ഇത്തരത്തിൽ മലിനമാകുന്നതിൽ നാട്ടുകാർ പ്രതിഷേധത്തിലാണ്. പുഴയിലേക്ക് മാലിന്യം നിക്ഷേപിക്കുന്നത് തടയാൻ സർക്കാർ തലത്തിൽ ചർച്ച നടത്തി ധാരണയുണ്ടാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.