പാലക്കാട്: പുഴ കടന്ന് അക്കരെയെത്താൻ പാലമില്ലാത്തതിനാൽ ചിറ്റൂർ പാളയം നിവാസികളനുഭവിക്കുന്ന ദുരിത യാത്രക്ക് രണ്ടര പതിറ്റാണ്ടിന്‍റെ പഴക്കമുണ്ട്. ശോകനാശിനി പുഴ മുറിച്ച് കടന്ന് വേണം പാളയത്തെ നാനൂറോളം വരുന്ന ആളുകൾക്ക് തൊട്ടടുത്ത ടൗണായ കൊടുമ്പിലെത്താൻ. എന്നാൽ ഇതിനായി കഴിഞ്ഞ 25 വർഷമായി ആശ്രയിക്കുന്നതാകട്ടെ നാട്ടുകാർ ചേർന്നുണ്ടാക്കിയ പഴയൊരു ചങ്ങാടത്തെയാണ്.
നഴ്സറി വിദ്യാര്‍ഥികള്‍ മുതൽ വൃദ്ധരും രോഗികളുമെല്ലാം അക്കരെയെത്താൻ ആശ്രയിക്കുന്നത് ഈ ചങ്ങാടത്തെയാണ്. വേനൽക്കാലത്ത് പോലും രണ്ടാൾ താഴ്ചയുള്ള പുഴയിൽ മഴക്കാലത്ത് ശക്തമായ ഒഴുക്കുമുണ്ട്. ചെറുപ്രായത്തിലുള്ള കുരുന്നുകളെ കൊടുമ്പിലെ സ്കൂളിലേക്ക് പറഞ്ഞയക്കുന്ന മാതാപിതാക്കൾ അവര്‍ മടങ്ങിയെത്തുന്നത് വരെ ഭയത്തോടെയാണ് കാത്തിരിക്കുന്നത്.