പാലക്കാട്: കേരള - കോയമ്പത്തൂർ അതിർത്തിയിൽ ഉള്ള എല്ലാ ചെക്ക് പോസ്റ്റുകളും അടച്ചിടുമെന്ന് കോയമ്പത്തൂർ ജില്ലാ കലക്ടർ തിരു.കെ. രാജമണി. നിലവിൽ കോയമ്പത്തൂർ ജില്ലയിൽ കൊവിഡ് ബാധിതർ ഇല്ലെങ്കിലും വൈറസ് ബാധ വരാതിരിക്കാനുള്ള മുൻകരുതലായാണ് ജില്ലാഭരണകൂടത്തിന്‍റെ നടപടിയെന്ന് കലക്ടർ പറഞ്ഞു. കൂടുതൽ ഫലപ്രദമായ മുൻകരുതലുകൾ നടപടികൾ സ്വീകരിക്കുന്നതിന്‍റെ ഭാഗമായി വെള്ളിയാഴ്ച വൈകിട്ട് മുതൽ കേരളവുമായി കോയമ്പത്തൂർ ജില്ലയെ ബന്ധിപ്പിക്കുന്ന 9 ചെക്ക് പോസ്റ്റുകളും അടച്ചിടാൻ ഉത്തരവിട്ടിട്ടുണ്ട്.
കേരളത്തിൽ നിന്ന് കോയമ്പത്തൂരിലേക്കോ തിരിച്ചോ വരുന്ന എല്ലാ വാഹന ബന്ധവും വിച്ഛേദിക്കുകയാണെന്ന് കലക്ടർ തിരു.കെ. രാജമണിയുടെ അറിയിപ്പിൽ പറയുന്നു. റവന്യൂ, പൊലീസ്, ട്രാൻസ്പോർട്ട് വിഭാഗങ്ങൾ സംയുക്തമായി പരിശോധന നടത്തി വാഹനങ്ങള്‍ തിരിച്ചയക്കണമെന്ന് കലക്ടറുടെ ഉത്തരവിൽ പറയുന്നു. നിലവിൽ അതിർത്തി വഴി കടന്നെത്തുന്ന എല്ലാ വാഹനങ്ങളും പരിശോധിച്ച് മരുന്നുകൾ തളിച്ച ശേഷമാണ് തമിഴ്നാട്ടിലേക്ക് കടത്തിവിടുന്നത്.