പാലക്കാട്: നാട് മുഴുവൻ കൊറോണ ഭീതിയിലാണ്. കൊറോണയെ നേരിടാൻ രാജ്യം ലോക്ക് ഡൗൺ വരെ പ്രഖ്യാപിച്ചു. പക്ഷേ പാലക്കാട് ജില്ലയിലെ കൊല്ലങ്കോട്ട് " ലോക്ക് ഡൗണില്‍ കുടുങ്ങിയത് കൊറോണയാണ് ". കുടുങ്ങിയ കൊറോണയെ രക്ഷിക്കാനെത്തിയത് കേരള ഫയർഫോഴ്‌സും. ഈ കഥയില്‍ കൊറോണ ഒരു പൂച്ചയാണ്. സംഭവമിങ്ങനെ... കൊല്ലങ്കോട്ടെ വിജയലക്ഷ്മിയുടെ വീട്ടിലെ തള്ളപ്പൂച്ച മൂന്ന് കുഞ്ഞുങ്ങളെ പ്രസവിച്ചു. മൂന്ന് പേർക്കും വിജയലക്ഷ്മിയുടെ മകൾ പേരുമിട്ടു. ഒരാൾ കൊവിഡ്, അടുത്തയാൾ കർഫ്യു, മൂന്നാമൻ കൊറോണ. ഇവരിൽ കൊറോണയാണ് ലോക്കായത്.
സംഭവം എങ്ങനെയെന്നല്ലേ, കൊറോണയും കർഫ്യൂവും കൊവിഡും ചേർന്ന് വീട്ടിൽ കളി തുടങ്ങി. ഓടിച്ചാടി കളിച്ച് ഒടുവിൽ കൊറോണ പൂച്ച ഒരു പി വി സി പൈപ്പിൽ ഓടി കയറി. കയറി കഴിഞ്ഞപ്പോഴാണ് പണി പാളിയത്. തലയും കാലും അകത്ത്. സമ്പൂർണ്ണ ലോക്ക് ഡൗൺ. ഊരിപ്പോകാൻ കഴിയാതെ കൊറോണ കരച്ചില്‍ തുടങ്ങി.
കണ്ടു നിന്ന വീട്ടുകാർക്കും വിഷമം. ഒടുവിൽ വിവരമറിഞ്ഞെത്തിയ ഫയർ ഫോഴ്സ് സിവിൽ വോളണ്ടിയർ പ്രശാന്താണ് പരിക്കുകൾ കൂടാതെ പൈപ്പ് മുറിച്ച് മാറ്റി പൂച്ചക്കുട്ടിയെ രക്ഷിച്ചത്. പൈപ്പ് മുറിച്ച് പുറത്ത് പുറത്ത് ചാടിയതോടെ കൊറോണ ജീവനും കൊണ്ടോടി. പിവിസി പൈപ്പിന്‍റെ ലോക്ക് ഡൗണില്‍ നിന്ന് കൊറോണയ്ക്ക് ആശ്വാസം.