പാലക്കാട്: അട്ടപ്പാടി പുതൂർ ആലാമര ശ്മശാനത്തിലെ ജാതി വിലക്കിനെതിരെ സിപിഎം, ഡിവൈഎഫ്ഐ പ്രവർത്തകർ രംഗത്ത്. ശിവമുക്തി ശ്മശാന സംഘത്തിന്‍റെ പേരിൽ രജിസ്റ്റർ ചെയ്ത ഭൂമിയിൽ ചക്ലിയ വിഭാഗത്തിൽ പെട്ടവരെ മറവ് ചെയ്യുവാൻ അനുവദിക്കില്ലെന്ന നിലപാടിനെ പുതൂർ പഞ്ചായത്ത് പ്രസിഡന്‍റ് അനുകൂലിച്ചിരുന്നു. ഇതിനെ തള്ളിക്കൊണ്ടാണ് സിപിഎം, ഡിവൈഎഫ്ഐ നേതാക്കൾ രംഗത്തെത്തിയത്. വിവാദ ശ്മശാന ഭൂമിയും വിലക്കനുഭവപ്പെട്ട പട്ടികജാതി വിഭാഗത്തിലുള്ളവരേയും നേതാക്കൾ സന്ദർശിച്ചു. ശ്മശാനത്തിന് ചുറ്റിലുമായി പഞ്ചായത്തിന്‍റെ പണം ഉപയോഗിച്ച് പണിത മതിൽ സംരക്ഷിക്കുന്ന ഭൂമി, തോടിനോട് ചേർന്നുള്ള പുറമ്പോക്ക് പരിധിയിൽ ഉൾപ്പെടുന്നതാണെന്നും അത് സ്വകാര്യ സംഘങ്ങൾക്ക് അനുവദിക്കാൻ നിയമമില്ലെന്നും സ്ഥലം സന്ദർശിച്ച നേതാക്കൾ പ്രതികരിച്ചു.
കൊവിഡ് ലോക്ക്ഡൗൺ സമയത്ത് പട്ടികജാതിയിലുള്ള ശകുന്തളയെ അടക്കം ചെയ്യുന്നതിനായി ശ്മശാനത്തിലെത്തിയപ്പോൾ ഇതര ജാതിക്കാർ ഇവരെ തടയുകയും അസഭ്യം പറയുകയും ജാതിപ്പേര് വിളിച്ച് അധിക്ഷേപിക്കുകയും കയ്യേറ്റത്തിന് ശ്രമിക്കുകയും ചെയ്തതായി പരാതിയുണ്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി നൽകിയിരുന്നു. വിഷയത്തിൽ എസ്‌സി-എസ്ടി കമ്മിഷൻ സ്വമേധയാ കേസെടുക്കുകയും ചെയ്തിരുന്നു. രണ്ട് ദിവസത്തിനുള്ളിൽ വിഷയത്തിൽ റിപ്പോർട്ട് നൽകണമെന്ന് ജില്ലാ കലക്ടർക്ക് കമ്മിഷന് നിർദേശം നൽകിയിരുന്നു.
നിലവിലെ വിവാദ ശ്മശാന ഭൂമി പൊതുശ്മശാനമാണെന്നും അവിടെ ജാതിവിലക്ക് നടത്തുന്നത് അനുവദിക്കാൻ കഴിയില്ലെന്നും നേതാക്കൾ പ്രതികരിച്ചു. സിപിഎം അട്ടപ്പാടി ഏരിയാ സെക്രട്ടറി സിപി ബാബു, പുതൂർ ലോക്കൽ സെക്രട്ടറി ആർ രാജേഷ്, ഡിവൈഎഫ്ഐ ബ്ലോക്ക് സെക്രട്ടറി കെ വി അനീഷ്, അഗളി ഗ്രാമപഞ്ചായത്തംഗം ജെയ്സൺ, എകെഎസ് ജില്ലാ സെക്രട്ടറി രാജൻ, പികെഎസ് ഏരിയാ സെക്രട്ടറി രവികുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് സന്ദർശനം നടത്തിയത്.