പാലക്കാട്: ഒറ്റപ്പാലത്ത് ഇടപാടുകാരെ ഭീഷണിപ്പെടുത്തി അമിത പലിശ ഈടാക്കുന്നുവെന്ന പരാതിയില്‍ ഫിനാന്‍സ് കമ്പനികള്‍ക്കെതിരെ കേസെടുത്തു. ആശിർവാദ്, മധുര മൈക്രോ ഫിനാൻസ് കമ്പനികള്‍ക്കെതിരെയാണ് കേസെടുത്തത്. പരാതിയെ തുടർന്ന് പട്ടികജാതി-പട്ടികവർഗ കമ്മിഷൻ അംഗം എസ്. അജയകുമാർ ഫിനാന്‍സ് സ്ഥാപനങ്ങളിൽ പരിശോധന നടത്തി. ഒരു വർഷം മുൻപ് പത്ത് വനിത ഗുണഭോക്താക്കൾ മുപ്പതിനായിരം രൂപ വീതം വായ്‌പയെടുത്തിരുന്നു. തിരിച്ചടവ് മുടങ്ങിയെന്ന് ആരോപിച്ച് മുതലിന് പുറമേ 35,000 രൂപയാണ് സ്ഥാപനം ഇപ്പോൾ ആവശ്യപ്പെടുന്നതെന്നും ഇടപാടുകാർ പറഞ്ഞു. ലോക്ക്ഡൗണിനെ തുടര്‍ന്ന് ജോലി ഇല്ലാതായതോടെ തിരിച്ചടവ് തെറ്റി. സ്ഥാപനത്തിലെ ജീവനക്കാര്‍ നിരന്തരം വീടുകളിലെത്തി ഭീഷണിപ്പെടുത്തുകയും അസഭ്യം പറയുന്നുവെന്നും പരാതിയില്‍ പറയുന്നു.
സ്ഥാപനങ്ങളിലെ കൊള്ളപ്പലിശ അവസാനിപ്പിച്ച് മുഖ്യമന്ത്രി പ്രഖ്യാപിച്ച കൊവിഡ് കാല ഇളവുകൾ അനുവദിക്കണമെന്നും സ്‌ത്രീകൾക്ക് നേരെയുള്ള ഭീഷണി അവസാനിപ്പിക്കണമെന്നും അജയകുമാർ ആവശ്യപ്പെട്ടു. വിഷയത്തിൽ ഉടന്‍ തീരുമാനമായില്ലെങ്കിൽ പട്ടികജാതി-പട്ടികവർഗ വിഭാഗങ്ങൾക്കെതിരായ അതിക്രമങ്ങൾ തടയൽ നിയമപ്രകാരം കേസെടുക്കുമെന്നും അജയകുമാർ അറിയിച്ചു.