പാലക്കാട്: വാളയാറിൽ വൻ കഞ്ചാവ് വേട്ട. ലോറിയിൽ കടത്താൻ ശ്രമിച്ച 170 കിലോ കഞ്ചാവ് എക്സൈസ് പിടികൂടി. എക്സൈസ് ക്രൈം ബ്രാഞ്ച് സിഐ ആർ.എൽ ബൈജുവിന് ലഭിച്ച വിവരത്തെ തുടർന്ന് ഉത്തരമേഖല സ്ക്വാഡും തൃശൂർ എക്‌സൈസ് ഇന്‍റലിജൻസ് വിഭാഗവും വാളയാർ എക്സൈസ് ചെക്ക് പോസ്റ്റ് പാർട്ടിയും സംയുക്തമായി നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്.
സംഭവത്തിൽ ലോറി ഡ്രൈവർ ഉൾപ്പടെ മൂന്ന് പേർ പിടിയിലായി. തിരൂർ കോട്ടക്കൽ സ്വദേശികളായ പാറമ്മൽ വീട്ടിൽ നൗഫൽ പി (33), കോങ്ങാടൻ വീട്ടിൽ ഫാസിൽ ഫിറോസ് കെ (28), കല്ലേകുന്നൻ വീട്ടിൽ ഷാഹിദ് (27) എന്നിവരാണ് അറസ്റ്റിലായത്. വാളയാർ ചെക്ക് പോസ്റ്റിൽ നടത്തിയ വാഹന പരിശോധനയിലാണ് പ്രതികളെ പിടികൂടിയത്. ലോറിയുടെ റൂഫ് ടോപ്പിൽ ടാർപോളിൻ ഉപയോഗിച്ച് മൂടിയ നിലയിലായിരുന്നു കഞ്ചാവ്.
എക്സൈസ് സർക്കിൾ ഇൻസ്പെക്‌ടർ മുഹമ്മദ് ഹരിഷിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്. അസിസ്റ്റന്‍റ് എക്‌സൈസ് കമ്മീഷണർ രാകേഷ് കെ സ്ഥലത്തെത്തി തുടർ നടപടികൾക്ക് നേതൃത്വം വഹിച്ചു.