പാലക്കാട് : ആലമ്പള്ളത്ത് ഡി.വൈ.എഫ്.ഐ യൂണിറ്റ് പ്രസിഡന്‍റ് അനുവിനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ നാല് ആർ.എസ്.എസ്, ബി.ജെ.പി പ്രവർത്തകർ അറസ്‌റ്റിൽ. പുതുശേരി കുരുടിക്കാട് കാളാണ്ടിത്തറ സ്വദേശി ലെനിൻ(32), കഞ്ചിക്കോട് ചടയൻ കാലായ് നരസിംഹപുരം പ്രവീൺ(32), പുതുശേരി നീലിക്കാട് പറപടിക്കൽ വീട്ടിൽ മഹേഷ്(31), നീലിക്കാട് പറപടിക്കൽ വീട്ടിൽ സുനിൽ(31) എന്നിവരെയാണ് കസബ പൊലീസ് അറസ്‌റ്റ് ചെയ്‌തത്.
കാളാണ്ടിത്തറ ഗിരീഷ്, കണ്ടാൽ തിരിച്ചറിയാവുന്ന ഒരാൾ എന്നിവർ ഒളിവിലാണ്. തിങ്കളാഴ്ച വൈകിട്ടാണ് ഡി.വൈ.എഫ്.ഐ നീലിക്കാട് യൂണിറ്റ് പ്രസിഡന്‍റും സി.പി.എം മലയങ്കാവ് ബ്രാഞ്ച് അംഗവുമായ എം അനുവിനെ സുഹൃത്തിന്‍റെ വീടിന് മുന്നിൽവച്ച് രണ്ട് ബൈക്കിലെത്തിയ ആറംഗ സംഘം വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ചത്.
Also Read: ഡിവൈഎഫ്ഐ നേതാവിന് പൊലീസ് മർദനം; ദൃശ്യങ്ങൾ പുറത്ത്
കൈക്കും ചെവിക്കും ഗുരുതര പരിക്കേറ്റ അനുവിനെ നാട്ടുകാരാണ് ആശുപത്രിയിലെത്തിച്ചത്. പ്രദേശത്തെ ക്രമസമാധാനം തകർക്കാൻ ലക്ഷ്യമിട്ടായിരുന്നു ഒരു പ്രകോപനവുമില്ലാതെയുള്ള ആർ.എസ്.എസിന്റെ ആക്രമണമെന്ന് സി.പി.എം ആരോപിച്ചു. അപകടനില തരണം ചെയ്ത അനു ചൊവ്വാഴ്ച പകൽ ആശുപത്രി വിട്ടു. ഒളിവിലുള്ള മറ്റുപ്രതികളെ ഉടൻ പിടികൂടുമെന്ന് കസബ ഇൻസ്പെക്ടർ എൻ എസ് രാജീവ് പറഞ്ഞു.
പുതുശ്ശേരിയില്‍ പ്രതിഷേധ പ്രകടനം
പുതുശേരി : ഡി.വൈ.എഫ്.ഐ പുതുശേരി നീലിക്കാട് യൂണിറ്റ് പ്രസിഡന്റ് എം അനുവിനുനേരെയുള്ള ആർഎസ്എസ് ആക്രമണത്തിൽ പ്രതിഷേധിച്ച് ഡിവൈഎഫ്ഐ പുതുശേരിയിൽ നടത്തിയ പ്രകടനം ജില്ല വൈസ് പ്രസിഡന്റ് എസ് പ്രദോഷ് ഉദ്ഘാടനം ചെയ്തു. മേഖല സെക്രട്ടറി ആർ മിഥുൻ അധ്യക്ഷനായി. സിപിഎം ഏരിയ കമ്മിറ്റിയംഗം എസ് സുഭാഷ്, കെ അജീഷ്, ഡിവൈഎഫ്ഐ ബ്ലോക്ക് കമ്മിറ്റിയംഗങ്ങളായ പി കെ ശ്രീനാഥ്, സി പ്രശാന്ത് എന്നിവർ സംസാരിച്ചു.