പാലക്കാട്: അട്ടപ്പാടി മധു വധക്കേസിൽ 13 പ്രതികൾക്കും ഏഴ് വർഷം കഠിന തടവും, 1,18,000 രൂപ പിഴയും വിധിച്ചു. മണ്ണാര്‍ക്കാട് പട്ടിക ജാതി, പട്ടിക വര്‍ഗ പ്രത്യേക കോടതിയാണ് കേസില്‍ വിധി പ്രസ്‌താവിച്ചത്. ഒന്നാം പ്രതി മേച്ചേരിയിൽ ഹുസൈന് ഏഴ് വർഷം കഠിന തടവും 1,0500 രൂപ പിഴയും കോടതി വിധിച്ചു.
16-ാം പ്രതി മുനിറിന് മൂന്ന് മാസം തടവും, 500 രൂപ പിഴയുമാണ് ശിക്ഷ. മുനിർ റിമാൻഡ് കാലയളവിൽ ജയിൽ ശിക്ഷ അനുഭവിച്ചത് കാരണം മുനിർ ഇനി അനുഭവിക്കേണ്ടതില്ലെന്ന് കോടതി വിധിച്ചു. മണ്ണാർക്കാട് പട്ടികവർഗ്ഗ പട്ടികജാതി സ്പെഷ്യൽ കോടതി ജഡ്‌ജി കെ എം രതീഷ് കുമാറാണ് ശിക്ഷ വിധിച്ചത്. പിഴത്തുകയുടെ പകുതി പ്രതികള്‍ മധുവിന്‍റെ അമ്മയ്ക്ക് നൽകാനും ഉത്തരവുണ്ട്.
വിവിധ വകുപ്പുകളിൽ ആയുള്ള ശിക്ഷ ഒന്നിച്ച് അനുഭവിച്ചാൽ മതി. കേസിലെ 4, 11 പ്രതികളെ കുറ്റക്കാർ അല്ലെന്ന് കണ്ട് ഇന്നലെ മോചിപ്പിച്ചിരുന്നു. പ്രതികളെ തവനൂർ ജയിലിലേക്ക് മാറ്റും. കേസിൽ കൂറുമാറിയവർക്ക് എതിരെ ഇവർ നേടിയ സ്റ്റേ നീങ്ങുന്നതനുസരിച്ച് നടപടിയെടുക്കാനും നിർദേശമുണ്ട്. ഇന്ത്യൻ ശിക്ഷാനിയമത്തിലെ 304(2) വകുപ്പ് പ്രകാരം ആസൂത്രിതമല്ലാത്ത നരഹത്യയായിരുന്നു 13 പ്രതികൾക്കെതിരെയും ജഡ്‌ജി കെ എം രതീഷ് കുമാർ ചുമത്തിയത്.
ഇന്ത്യൻ ശിക്ഷാനിയമത്തിലെ 326, 367 പട്ടികജാതി വർഗ്ഗ പീഡന നിരോധന നിയമത്തിലെ 31 ഡി തുടങ്ങിയ ഉയർന്ന ശിക്ഷ കിട്ടാവുന്ന കുറ്റങ്ങളും ചുമത്തിയാണ് വിധി. നാലാം പ്രതി കുക്കുപ്പടി കുന്നത്ത് വീട്ടിൽ അനീഷ്, 11-ാം പ്രതി മുക്കാലിയിൽ ചോലയിൽ അബ്‌ദുൽ കരീം എന്നിവരെ വെറുതെ വിട്ടിരുന്നു. മധുവിനെ മർദിക്കുന്ന ദൃശ്യങ്ങൾ മൊബൈലിൽ പകർത്തി എന്നതായിരുന്നു അനീഷിന് നേരെയുള്ള ആരോപണം.
മുക്കാലിയിൽ വച്ച് മധുവിനെ അധിക്ഷേപിച്ചു എന്നായിരുന്നു അബ്‌ദുൽ കരീമിനെതിരെയുള്ള പ്രോസിക്യൂഷൻ ആരോപണം. അതേസമയം 16 പേരെയും ശിക്ഷിക്കാത്ത നടപടിയിൽ യോജിപ്പില്ലെന്നും അപ്പീലുമായി മുന്നോട്ടുപോകാനാണ് ആലോചന എന്നും മധുവിന്‍റെ കുടുംബം പറഞ്ഞു. ഭക്ഷണസാധനങ്ങൾ മോഷ്‌ടിച്ചു എന്ന് ആരോപിച്ച് നടന്ന ആൾക്കൂട്ട വിചാരണയ്ക്കിടെ മർദനമേറ്റ മധു 2018 ഫെബ്രുവരി 22ന് ആയിരുന്നു കൊല്ലപ്പെട്ടത്. തുടര്‍ന്ന് അസ്വഭാവിക മരണത്തിന് അഗളി പൊലീസ് കേസെടുത്തു.
Also Read: കേസ് നടത്തിപ്പിൽ സര്‍ക്കാരിന്‍റെ ഭാഗത്ത് ഗുരുതര വീഴ്‌ച, വിധി ആശ്വാസകരമെന്നും വിഡി സതീശൻ
മര്‍ദനത്തെ തുടര്‍ന്നുളള ആന്തരിക രക്തസ്രാവമാണ് മരണകാരണമെന്നാണ് അന്ന് പോസ്റ്റ്‌മോര്‍ട്ടം പ്രാഥമിക റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടിയത്. മധു വധക്കേസില്‍ 2018 ഫെബ്രുവരി 25ന് മുഴുവന്‍ പ്രതികളെയും പൊലീസ് അറസ്റ്റ് ചെയ്‌തിരുന്നു. 2023 ഫെബ്രുവരി 11നാണ് കേസില്‍ അന്തിമ വാദം തുടങ്ങിയത്. മാര്‍ച്ച് 10ന് അന്തിമവാദം പൂര്‍ത്തിയാകുകയും എപ്രില്‍ നാലിന് കേസില്‍ 14 പ്രതികള്‍ കുറ്റക്കാരാണെന്ന് വിചാരണ കോടതി കണ്ടെത്തി.