പാലക്കാട്: കഴിഞ്ഞ ഒന്നര മാസമായി കാട്ടാനശല്യത്താൽ പൊറുതിമുട്ടുകയാണ് അട്ടപ്പാടി പട്ടിമാളം ഊരു നിവാസികൾ. കാട്ടാനക്കൂട്ടത്തിനു പുറമേ പ്രദേശത്ത് കഴിഞ്ഞ ദിവസം ഒറ്റയാൻ ഇറങ്ങുക കൂടി ചെയ്തതോടെ പ്രദേശവാസികൾ ഭയത്തിലാണ്. കാട്ടാനക്കൂട്ടം പട്ടിമാളത്തെ പ്രധാന കുടിവെള്ള ടാങ്കിന്‍റെ പൈപ്പുകൾ തകർക്കുകയും പണ്ടാരപ്പടികയിലെ സബ് ലൈനുകൾ പിഴുതെറിയുകയും ചെയ്തു. ഭൂരിഭാഗം കർഷകരുള്ള പ്രദേശത്ത് ഇതോടെ കൃഷിക്കോ മറ്റാവശ്യങ്ങൾക്കോ വെള്ളമില്ലാത്ത അവസ്ഥയാണ്. കുടിവെള്ള പൈപ്പുകൾ തകർക്കപ്പെട്ടതോടെ ഒന്നര കിലോമീറ്റർ അകലെയുള്ള പുഴയിൽ നിന്നുമാണ് കുടിക്കുവാനുൾപ്പടെ പ്രദേശവാസികള്‍ വെള്ളം എടുക്കുന്നത്.
വനത്തിനകത്ത് ജലത്തിന്‍റെ ലഭ്യത കുറയുന്നതോടെയാണ് കാട്ടാനക്കൂട്ടം നാട്ടിലേക്കിറങ്ങുന്നത്. ഇതിനൊരു പരിഹാരമെന്ന നിലയിൽ വനത്തിനകത്ത് ടാങ്കുകള്‍ നിർമ്മിക്കണമെന്ന ആവശ്യം വനം വകുപ്പ് ഉദ്യോഗസ്ഥരോട് പല തവണ ആവശ്യപ്പെട്ടെങ്കിലും അനുകൂല തീരുമാനം ഉണ്ടായില്ലെന്ന് നാട്ടുകാർ പരാതിപ്പെടുന്നു. പകൽ സമയത്ത് പോലും ഈ പ്രദേശത്ത് കാട്ടാനകളിറങ്ങാൻ തുടങ്ങിയതോടെ ജോലിക്ക് പോകാനോ കുട്ടികളെ സ്കൂളില്‍ വിടാനോ പോലും ഭയമാണെന്ന് നാട്ടുകാർ പറയുന്നു.