പാലക്കാട്: ഉദ്ദേശിച്ച സ്ഥാനാര്‍ഥിക്ക് തന്നെയാണ് തങ്ങളുടെ വോട്ട് ലഭിച്ചതെന്ന് ഉറപ്പാക്കുന്ന വിവിപാറ്റ് മെഷീന്‍ അടങ്ങുന്ന ഇലക്‌ട്രോണിക് വോട്ടിങ് മെഷീനാണ് ഇത്തവണ നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എല്ലാ പോളിങ് ബൂത്തിലും സജ്ജമാക്കുന്നത്.
ഇലക്‌ട്രോണിക് വോട്ടിങ് യന്ത്രത്തിന്‍റെ ഒരു ഭാഗമാണ് വിവിപാറ്റ് അഥവാ വോട്ടര്‍ വെരിഫയബിള്‍ പേപ്പര്‍ ഓഡിറ്റ് ട്രയല്‍. രേഖപ്പെടുത്തുന്ന വോട്ട് ഉദ്ദേശിച്ച ചിഹ്നത്തില്‍ തന്നെ ലഭിച്ചിട്ടുണ്ടോയെന്ന് വോട്ടര്‍ക്ക് വിവിപാറ്റിലൂടെ നേരിട്ടു മനസിലാക്കാമെന്നതാണ് വിവിപാറ്റ് മെഷീന്‍റെ പ്രത്യേകത. കണ്‍ട്രോള്‍ യൂണിറ്റും ബാലറ്റ് യൂണിറ്റും ഉള്‍പ്പെട്ടതാണ് ഇലക്ട്രോണിക് വോട്ടിങ് മെഷീന്‍. ഈ രണ്ടു യൂണിറ്റുമായി വിവിപാറ്റ് ബന്ധിപ്പിച്ചിട്ടുണ്ട്. ബാലറ്റ് യൂണിറ്റില്‍ സ്ഥാനാര്‍ഥികളുടെ പേരും ചിഹ്നവും ഉണ്ടായിരിക്കും.
വോട്ടര്‍, വോട്ട് ചെയ്യാൻ ഉദ്ദേശിക്കുന്ന സ്ഥാനാര്‍ഥിയുടെ പേരിന് നേരെയുള്ള ചിഹ്നത്തിന്‍റെ നേര്‍ക്കുള്ള നീല ബട്ടണ്‍ അമര്‍ത്തുമ്പോള്‍ ചുവന്ന ലൈറ്റ് തെളിയും. തുടര്‍ന്ന് വോട്ട് രേഖപ്പെടുത്തിയ സ്ഥാനാര്‍ഥിയുടെ ക്രമനമ്പര്‍, പേര്, ചിഹ്നം എന്നിവ ഏഴു സെക്കന്‍റ് നേരം വിവിപാറ്റിലെ ഡിസ്‌പ്ലേ യൂണിറ്റില്‍ തെളിഞ്ഞു കാണാം. അതിനു ശേഷം അവയുടെ പ്രിന്‍റ് താഴെയുള്ള സുരക്ഷാ അറയിലേക്ക് വീഴുകയും അവിടെ സൂക്ഷിക്കപ്പെടുകയും ചെയ്യും. രേഖപ്പെടുത്തുന്ന ഓരോ വോട്ടും പേപ്പര്‍ രൂപത്തില്‍ വിവിപാറ്റിനുള്ളില്‍ സൂക്ഷിക്കും. ഭാവിയില്‍ വോട്ട് സംബന്ധിച്ച് തര്‍ക്കങ്ങള്‍ ഉണ്ടാകുകയാണെങ്കില്‍ വീണ്ടും തെരഞ്ഞെടുപ്പ് നടത്താതെ വിവിപാറ്റിനുള്ളില്‍ സൂക്ഷിച്ചിട്ടുള്ള പേപ്പര്‍ വോട്ടുകള്‍ എണ്ണി സംശയങ്ങള്‍ തീർക്കാവുന്നതാണ്.
ഇന്ത്യന്‍ പ്രതിരോധ മന്ത്രാലയത്തിന്‍റെ കീഴിലുള്ളതും അതീവ സുരക്ഷാമേഖലയില്‍ ഉള്‍പ്പെട്ടതുമായ ഭാരത് ഇലക്‌ട്രോണിക്‌സ് ലിമിറ്റഡ്, ഇലക്ട്രോണിക് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ ലിമിറ്റഡ് എന്നീ സ്ഥാപനങ്ങളിലാണ് വിവിപാറ്റ് തയ്യാറാക്കുന്നത്. തെരഞ്ഞെടുപ്പ് കമ്മിഷന്‍റെ ടെക്‌നിക്കല്‍ എക്‌സ്‌പോര്‍ട്ട് കമ്മിറ്റിയിലെ വിദഗ്‌ധരായ ഐ.ടി പ്രൊഫഷണലുകള്‍ ഉള്‍പ്പെടുന്ന സംഘമാണ് വോട്ടിങ് മെഷീന്‍, വിവിപാറ്റ് എന്നിവയുടെ സാങ്കേതിക കാര്യങ്ങള്‍ തീരുമാനിക്കുന്നത്. ഇവയില്‍ ഇന്‍റര്‍നെറ്റ്, വൈ-ഫൈ, ബ്ലൂ ടൂത്ത്, വയര്‍ലെസ്, ട്രാന്‍സിസ്റ്റര്‍, റിമോട്ട് കണ്‍ട്രോള്‍ തുടങ്ങി യാതൊരു വസ്തുക്കളുമായും പുറമെ നിന്നും ബന്ധപ്പെടാന്‍ കഴിയില്ല. ഇവ പ്രവര്‍ത്തിപ്പിക്കാന്‍ വൈദ്യുതിയുടെ ആവശ്യവുമില്ല. അതിനാല്‍ പുറമെ നിന്നും ഇവയെ ആര്‍ക്കും നിയന്ത്രിക്കാനും സാധിക്കില്ല.