പാലക്കാട്: പ്രകൃതിക്കും മനുഷ്യനും വില്ലനായി തീർന്ന പ്ലാസ്റ്റിക്കിനെ നിത്യജീവിതത്തിൽ നിന്നും അകറ്റി നിർത്താൻ ബദലുമായി പാലക്കാട്ടെ ടോപ് ഇൻ ടൗൺ റസ്റ്ററന്‍റിലെ ജ്യൂസ് കൗണ്ടർ. നിറഞ്ഞിരിക്കുന്ന പഴക്കൂടകൾക്കിടയിൽ തലയുയർത്തി നിൽക്കുന്ന ഉള്ളിത്തണ്ടുകളാണ് ഇപ്പോൾ ഇവിടുത്തെ താരം. എന്താണ് കാര്യമെന്ന് പെട്ടന്ന് മനസിലാകില്ലെങ്കിലും ഓർഡർ ചെയ്‌ത ജ്യൂസ് ടേബിളിലെത്തുമ്പോൾ സംഗതി പിടി കിട്ടും. പ്ലാസ്റ്റിക്ക് സ്ട്രോകളുടെ പകരക്കാരായിരിക്കുകയാണ് ഇപ്പോൾ ഈ ഉള്ളിത്തണ്ടുകൾ.
ആദ്യം അതിശയം തോന്നുമെങ്കിലും സംഗതി കളറായിട്ടുണ്ടെന്നാണ് കസ്റ്റമേഴ്‌സിന്‍റെയും അഭിപ്രായം. ഉപയോഗം കഴിഞ്ഞ് വലിച്ചെറിയുന്ന പ്ലാസ്റ്റിക് സ്ട്രോകൾക്ക് പകരം നൽകുന്ന ഉള്ളിത്തണ്ട് സ്ട്രോകൾ പുത്തനൊരനുഭവവും മാതൃകയും കൂടിയാണ് പങ്കുവയ്ക്കുന്നത്. ടോപ് ഇൻ ടൗൺ ഷോപ്പിന്‍റെ ഉടമ നടരാജന്‍റെ മനസിൽ തെളിഞ്ഞ ആശയമാണ് ഇപ്പോൾ മറ്റുള്ളവർക്കും മാതൃകയായിരിക്കുന്നത്. കുറഞ്ഞ വിലയ്ക്കു ലഭിക്കുമെന്നതിനാൽ ഉള്ളിത്തണ്ടു സ്ട്രോയുടെ ചെലവിനേക്കുറിച്ച് ആശങ്കയുമില്ല. മാത്രമല്ല നാലോ അഞ്ചോ പേർ ഒരുമിച്ച് ജ്യൂസ് കഴിച്ചാൽ സ്ട്രോ കളയേണ്ടതില്ല. വീട്ടിൽ കൊണ്ട് പോയി ഉഗ്രനൊരു ഉള്ളിത്തണ്ട് തോരനും റെഡിയാക്കാം.